ദുരിതപെയ്ത്തിലെ സ്നേഹക്കാഴ്ച്ച: കനത്ത മഴയിൽ ഒറ്റപ്പെട്ടവർക്ക് താങ്ങായി രണ്ട് കൊച്ചുമിടുക്കികൾ
Mail This Article
ദുബായ് ∙ രാജ്യത്ത് പെയ്ത കനത്ത മഴയിൽ ഒറ്റപ്പെട്ടവർക്ക് കുടിവെള്ളവും ലഘുപാനീയങ്ങളും നൽകി അവരുടെ ദുരിതം ലഘൂകരിക്കാനുള്ള ശ്രമവുമായി യുഎഇയിലെ രണ്ട് കൊച്ചുമിടുക്കികൾ. സിറിയക്കാരാനായ ഹുസ്മാൻ സമ്മറിന്‍റെ മക്കളായ ജോർണിയേയും ലാലിലെയും ഈ സേവനം നൽകുന്നത് അൽ ബർഷയിലെ അവരുടെ വില്ലയ്ക്ക് മുന്നിലാണ്. ആവശ്യക്കാർക്ക് ചോദ്യങ്ങളൊന്നുമില്ലാതെ തന്നെ എടുത്ത് പോകാൻ കഴിയുന്ന തരത്തിൽ, കുടിവെള്ളം, ജ്യൂസ്, കാൻഡി തുടങ്ങിയവ ഈ പെൺകുട്ടികൾ നിരത്തിവച്ചിരിക്കുന്നു.
ഈ ദുരിത കാലത്ത് ഒറ്റപ്പെട്ട് പോയവർ വിശന്നിരിക്കരുതെന്ന ചിന്തയാണ് കുട്ടികളെ ഇത്തരത്തിലുള്ള സേവനം നൽകുന്നതിന് പ്രേരിപ്പിച്ചത്. തനിക്ക് എല്ലാം നൽകിയ യുഎഇയിലെ ജനങ്ങളോടുള്ള നന്ദിയുടെയും, പ്രതിസന്ധിയിൽ അകപ്പെട്ടവരെ സഹായിക്കാനുള്ള ആഗ്രഹത്തിന്‍റെയും പ്രകടനമാണ് ഈ കുട്ടികളുടെ പ്രവൃത്തി എന്ന് ഹുസ്മാൻ സമ്മർ പറയുന്നു. നിർമാണ കമ്പനിയിൽ ഫോർമാനായി ജോലി തുടങ്ങിയ ഹുസ്മാൻ സമ്മർ ഇന്ന് ഒട്ടേറെ ബിസിനസുകളുടെ ഉടമയാണ്. 18 വർഷമായി ഹുസ്മാൻ സമ്മർ യുഎഇയിലാണ് താമസിക്കുന്നത്.