ദുബായിലെ പ്രളയത്തിൽപ്പെട്ട് മലയാളികളടക്കമുള്ള നൂറോളം പേർ; തണലൊരുക്കി 'ടൈം സ്ക്വയർ സെന്റർ'
Mail This Article
ദുബായ് ∙ രാജ്യത്ത് കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽപ്പെട്ട് മലയാളികളടക്കമുള്ള നൂറോളം പേർക്ക് തണലൊരുക്കി ദുബായിലെ മാൾ. ഷെയ്ഖ് സായിദ് റോഡിനടുത്തെ അൽഖൂസിൽ സ്ഥിതി ചെയ്യുന്ന ടൈം സ്ക്വയർ സെന്ററാണ് രാവിലെ വരെ ഏവർക്കും ഒരു രാത്രി മുഴുവൻ കഴിയാനുള്ള സ്ഥലമനുവദിച്ചത്.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ഷെയ്ഖ് സായിദ് റോഡില്‍ വെള്ളക്കെട്ടുകളുണ്ടാവുകയും വൻ ട്രാഫിക് ജാം അനുഭവപ്പെട്ടു. ജോലി സ്ഥലത്തുനിന്നും മറ്റുമുള്ള മടക്കയാത്രയിൽ മുന്നോട്ടുപോകാനാകാതെ വലഞ്ഞവർ മാളിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. മഴ തോർന്ന ശേഷം യാത്ര തുടരാമെന്ന് കരുതിയെങ്കിലും അത് സാധ്യമാകാതെ വന്നപ്പോൾ മാളിൽ തന്നെ തങ്ങുകയായിരുന്നുവെന്ന് ഇവരിലൊരാളായ തൃശൂർ സ്വദേശി അഹമദ് ഷഹീൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. 'മാളിന് മുന്നിലെ ഉയർന്ന സ്ഥലത്തെ പാർക്കിങ്ങിൽ കാറിലായിരുന്നു രാത്രി ഉറങ്ങിയത്. രാവിലെ കമ്പനി പിക്കപ്പിൽ ഷാർജയിലേയ്ക്ക് യാത്ര തിരിച്ചു. രാവിലെ 9ന് പുറപ്പെട്ട് 11.30 ന് ഷാർജ അൽഖാനിലെ വീട്ടിലെത്തി' - അഹമദ് ഷഹീൻ പറയുന്നു.
എല്ലാവരും മാളിൽ കയറാൻ തീരുമാനിച്ചതൊടെ രാത്രി 10ന് അടയ്ക്കേണ്ടിയിരുന്ന മാൾ രാവിലെ വരെ എല്ലാവർക്കും അഭയം നൽകുകയായിരുന്നു. മാളിലെ കോഫിഷോപ്പുകൾക്ക് മുന്നിലെ ഇരിപ്പിടങ്ങൾ പോലും ജനങ്ങളെക്കോണ്ട് നിറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ മാളിലെ അധികൃതർ കാണിച്ച സഹായമനസ്കതയെ എല്ലാവരും അഭിനന്ദിച്ചു.