ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ്: കഴിഞ്ഞ വർഷം ഒപ്പുവെച്ചത് രണ്ട് ദശലക്ഷത്തിലേറെ തൊഴിൽ വീസകൾ
Mail This Article
ജിദ്ദ ∙ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്ഫോം വഴി കഴിഞ്ഞ വർഷം രണ്ട് ദശലക്ഷത്തിലേറെ തൊഴിൽ കരാറുകൾ ഒപ്പുവെച്ച് വീസകൾ അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു.
സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ എത്യോപ്യ, ബുറുണ്ടി, സിയറലിയോൺ, ടാൻസാനിയ, ഗാംബിയ എന്നീ രാജ്യങ്ങളെ കഴിഞ്ഞ വർഷം പുതുതായി ഉൾപ്പെടുത്തി. ഇതോടെ സൗദിയിലേക്ക് വനിതാ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം 33 ആയി.
ഏതാനും രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് മന്ത്രാലയം കുറച്ചിട്ടുമുണ്ട്.
ഫിലിപ്പൈൻസിൽ നിന്ന് 14,700 റിയാൽ, ഉഗാണ്ടയിൽ നിന്ന് 8,300 റിയാൽ, കെനിയയിൽ നിന്ന് 9,000, ശ്രീലങ്കയിൽ നിന്ന് 13,800, ബംഗ്ലാദേശിൽ നിന്ന് 11,750 , എത്യോപ്യയിൽ നിന്ന് 5,900 റിയാൽ എന്നിങ്ങിനെയാണ് നിരക്കുകൾ കുറച്ചിരിക്കുന്നത്.
മുൻകൂട്ടി അറിയുന്ന വനിതാ തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ റിക്രൂട്ട് ചെയ്യാൻ അവസരമൊരുക്കുന്ന മഅ്റൂഫ സേവനവും മുസാനിദ് പ്ലാറ്റ്ഫോമിൽ മന്ത്രാലയം കഴിഞ്ഞ വർഷം പുതുതായി ഉൾപ്പെടുത്തിയിരുന്നു.