ADVERTISEMENT

ദുബായ് ∙ ലോകത്തിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തന തടസ്സങ്ങൾ തുടരുന്നതിനാൽ ദുബായിലേക്കും തിരിച്ചും ഇന്ന് (വെള്ളി) സർവീസ് നടത്തേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. കഴിഞ്ഞ 75 വർഷത്തിനിടയിൽ യുഎഇയിൽ പെയ്തിട്ടില്ലാത്ത മഴയെ തുടർന്ന് തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് സർവീസ്  തടസ്സപ്പെട്ടത്. ദുബായ് എയർപോർട്ടിലെ തുടർച്ചയായ പ്രവർത്തന തടസ്സങ്ങൾ കാരണം ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയ വിവരം അറിയിക്കുന്നതിൽ എയർ ഇന്ത്യ ഖേദിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. പ്രവർത്തനം പുനരാരംഭിച്ചാലുടൻ  വിമാനങ്ങളിൽ യാത്രക്കാരെ വീണ്ടും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ  പരമാവധി ശ്രമിക്കും. 2024 ഏപ്രിൽ 21 വരെയുള്ള യാത്രയ്‌ക്കായി സാധുതയുള്ള ടിക്കറ്റുകൾ സഹിതം എയർ ഇന്ത്യ വിമാനങ്ങൾ ബുക്ക് ചെയ്‌തവർക്ക് റീഷെഡ്യൂൾ ചെയ്യുന്നതിൽ ഒറ്റത്തവണ ഇളവും റദ്ദാക്കുന്നതിനുള്ള മുഴുവൻ പണവും വാഗ്ദാനം ചെയ്യുന്നതാണെന്നും അറിയിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായും  യാത്രക്കാർക്ക് റി ഷെഡ്യൂൾ ചെയ്യാമെന്നും എയർ ഇന്ത്യ മിഡിലീസ്റ്റ്–വടക്കൻ ആഫ്രിക്ക റീജിനൽ മാനേജർ പി.പി.സിങ് മനോരമ ഒാൺലൈനോട് പറഞ്ഞു. ഇതിനായി ടിക്കറ്റെടുത്ത ട്രാവൽ ഏജൻസിയെ ബന്ധപ്പെടണം. 

ഇക്കാര്യം അറിയാതെ ഇന്ന് രാവിലെ മുതൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയവരാണ് വിമാനങ്ങൾ റദ്ദാക്കിയ കാര്യം അറിഞ്ഞ് താമസ സ്ഥലങ്ങളിലേയ്ക്ക് മടങ്ങിയത്. ഇവരിൽ ഇന്ന് സന്ദർശക വീസയിലും തൊഴിൽ വീസയും കാലാവധി അവസാനിക്കുന്നവർ, ചികിത്സയ്ക്ക് നാട്ടിലേക്ക് പുറപ്പെട്ടവർ, അടുത്തബന്ധുക്കളുടെ മരണത്തെ തുടർന്ന് യാത്ര ചെയ്യേണ്ടവർ ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്ക് പോകേണ്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള ഒട്ടേറെ പേരുണ്ട്. രണ്ട് മാസത്തെ സന്ദർശക വീസയിലെത്തി നാട്ടിലേക്കു മടങ്ങുകയായിരുന്ന താനും ഭാര്യയും വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ കാര്യം അറിഞ്ഞതെന്നും വീസ കാലാവധി നാളെ അവസാനിക്കുന്നതിനാൽ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ആശങ്കയിലാണെന്നും യാത്രക്കാരിലൊരാളായ കാസർകോട് സ്വദേശി ആരിഫ് പറഞ്ഞു. യാത്ര റി ഷെഡ്യൂൾ ചെയ്യാൻ ട്രാവൽ ഏജൻസിക്ക് സാധിക്കുന്നില്ലെന്നും പരാതിപ്പെട്ടു.

ഇതുപോലെ മറ്റു ചില വിമാനങ്ങളും സർവീസ് റദ്ദാക്കിയിട്ടുണ്ട്. നാളത്തോടെ വിമാന സർവീസുകൾ പൂർവസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

∙വിവരങ്ങളറിയാൻ യാത്രക്കാരുടെ മുറവിളി

വെള്ളപ്പൊക്കത്തെ തുടർന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ 1,200 വിമാനങ്ങൾ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.‌യാത്രക്കാർ അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി മുറവിളി കൂട്ടുന്ന തിരക്കിന് ദുബായ് രാജ്യാന്തര വിമാനത്താവളം സാക്ഷിയായി. 

അതേസമയം, വിമാനം റദ്ദാക്കിയതോടെ തിരിച്ചുപോകാനിടമില്ലാതെയായവർ പലരും കഴിഞ്ഞ രണ്ട് ദിവസത്തോളമായി വിമാനത്താവളത്തിൽ തന്നെ കഴിയുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും തൊഴിലാളികളും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരുമാണ്. ഇവർക്ക് ഭക്ഷണം കഴിക്കാൻ പോലും വകയില്ല. ഭക്ഷണമോ താത്കാലിക താമസ സൗകര്യമോ നൽകാൻ വിമാനക്കമ്പനികൾ തയാറായിട്ടുമില്ല.

∙ഇത്തിഹാദ് എയർവേയ്സ് സർവീസ് പുനരാരംഭിച്ചു

അതേസമയം, ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഷെഡ്യൂൾ ചെയ്തിരുന്ന സർവീസുകൾ പുനരാരംഭിച്ചതായി ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. വിമാനക്കമ്പനികളുടെ വെബ്‌സൈറ്റിൽ അവരുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കാൻ  നിർദേശിച്ചിട്ടുണ്ട്. 

എയർ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തെയും തിരിച്ചടിയെയും തുടർന്ന് മധ്യപൂർവദേശത്തെ സംഘർഷഭരിതമായ സാഹചര്യത്തെത്തുടർന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ ഈ മാസം അവസാനം വരെ നിർത്തിവച്ചിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

English Summary:

Air India cancels flights to and from Dubai, Passengers stuck at the airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com