മഴ: ഷാര്‍ജയിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ നിർദ്ദേശം നൽകി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
Mail This Article
ഷാർജ ∙ യുഎഇയിൽ റെക്കോർഡ് മഴ പെയ്തതിന് ശേഷം ഷാര്‍ജ എമിറേറ്റിലുണ്ടായ നാശനഷ്ടങ്ങൾ ഉടൻ വിലയിരുത്താൻ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി. കൽബ നഗരത്തിലെ താമസസ്ഥലങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിയി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റസിഡൻ്ഷ്യൽ ഏരിയയിലെ വെള്ളക്കെട്ടുകൾ നീക്കം ചെയ്യുന്ന പ്രവൃത്തി അധികൃതർ തുടരുന്നു.
ഷാർജ പൊലീസ് ജനറൽ കമാൻഡ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, സോഷ്യൽ സർവീസ് വകുപ്പ്, എമിറേറ്റിലെ മുനിസിപ്പാലിറ്റികൾ, പ്രവർത്തനങ്ങളിൽ ലോജിസ്റ്റിക് പിന്തുണ നൽകുന്ന എല്ലാ അധികാരികളും ഒരുമിച്ച് പ്രവർത്തിക്കുകയും കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ ഏകോപിപ്പിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്യണമെന്നും ഷെയ്ഖ് ഡോ. സുൽത്താൻ കൂട്ടിച്ചേർത്തു. കൂടാതെ സാധ്യമായ പിന്തുണാ മാർഗങ്ങൾ വേഗത്തിലാക്കണമെന്നും ഉത്തരവിട്ടു.
ഷാർജയിൽ പലയിടത്തും ഇപ്പോഴും മഴവെള്ളം കെട്ടിക്കിടക്കുകയാണ്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യൻ കുടുംബങ്ങളും മറ്റു രാജ്യക്കാരും ബുദ്ധിമുട്ടിലാണ്. ഇവർക്ക് സഹായം നൽകാൻ മലയാളികളുടെ കൂട്ടായ്മകൾ രംഗത്തുണ്ടെങ്കിലും മഴവെള്ളം കാരണം പലയിടത്തും എത്തപ്പെടാൻ കഴിയുന്നില്ല.