ADVERTISEMENT

ജിദ്ദ∙ സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ  റഹീമിന്‍റെ മോചനത്തിനായി നിയമപോരാട്ടം മുന്നിൽ നിന്ന് നയിച്ചത്  സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്.  റഹീമിനെ മോചിപ്പിക്കാനാവശ്യമായ 34 കോടി രൂപ ദയാധനം(മോചനദ്രവ്യം) സ്വരൂപിക്കുന്നതിന്‍റെ നേതൃത്വവും അഷ്റഫ് വേങ്ങാട്ടിനായിരുന്നു. റഹീമിനെ മരണത്തിന്‍റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള പോരാട്ടം ഏറെക്കുറെ വിജയിച്ചതിന്‍റെ ആശ്വാസത്തിലാണ് ഇദ്ദേഹം. സമാഹരിച്ച തുക റിയാദിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ എത്തി മോചനം സാധ്യമാകുന്നതുവരെ ഇദ്ദേഹത്തിന് വിശ്രമമില്ല. റമസാൻ മാസം ആരംഭിക്കുന്നതിന് മുമ്പ് റിയാദിൽ നിന്ന് നാട്ടിലെത്തിയ അഷ്റഫ് ഈ പോരാട്ടത്തിന് നേതൃത്വം നൽകി. 2006 ഡിസംബർ 25-നാണ് അബ്ദുറഹീം ജയിലിലാകുന്നത്. അതിന് തലേദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സൗദി പൗരനായ അനസ് ബിൻ ഫായിസ് അബ്ദുല്ല അൽ ശഹറിയുടെ സ്‌പോൺസർഷിപ്പിൽ, ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനാണ് കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീം റിയാദിൽ എത്തിയത്. കേസിന് ആശ്പദമായ സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു റഹീം എത്തിയത്. വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്ന അനസ് അൽ ശഹ്റി എന്ന പതിനെട്ടുകാരനെ പരിചരിക്കലും വാഹനത്തിൽ പുറത്തേക്ക് കൊണ്ടുപോകലും തിരിച്ചെത്തിക്കലുമായിരുന്നു അബ്ദുൽ റഹീമിന്‍റെ ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസ് വൈദ്യോപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. അനസിനെയുമായി ജി.എം.സി കാറിൽ പുറത്തുപോയതായിരുന്നു റഹീം. പിൻസീറ്റിൽ പ്രത്യേകം തയ്യാറാക്കിയ സീറ്റിലാണ് അനസ് ഇരിക്കുന്നത്. കാർ ഓടിക്കൊണ്ടിരിക്കെ റോഡിൽ സിഗ്നൽ പ്രത്യക്ഷപ്പെട്ടു. സ്വാഭാവികമായും അബ്ദുൾ റഹീം സിഗ്നലിൽ വാഹനം നിർത്തി. റെഡ് സിഗ്നൽ പരിഗണിക്കാതെ കാറെടുക്കാൻ അനസ് ആവശ്യപ്പെട്ടു. എന്നാൽ അതിന് റഹീം തയ്യാറായില്ല.

പ്രകോപിതനായ അനസ് വഴക്കിടുകയും അബ്ദുൾ റഹീമിന്‍റെ മുഖത്തേക്ക് തുപ്പുകയും ചെയ്തു. അത് തടയുന്നതിനിടെ റഹീമിന്‍റെ കൈ അനസിന്‍റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ തട്ടി. ഇതോടെ അനസ് അബോധാവസ്ഥയിലായി. റിയാദിലെ അൽ അസീസിയ ഏരിയയിലെ ഹൈപ്പർ പാണ്ട മാർക്കറ്റിന് സമീപത്തായിരുന്നു ഇത്. തുടർന്ന് റഹീം തന്‍റെ ബന്ധുവായ നസീറിനെ ഫോണിൽ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മുഹമ്മദ് നസീർ എത്തി അനസിനെ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടിയെങ്കിലും വിജയിച്ചില്ല. പിന്നീട് പൊലീസ് എത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

റിയാദിലെ മാധ്യമ പ്രവർത്തകരായ ഷക്കീബ് കൊളക്കാടനും നജീം കൊച്ചുകലുങ്കും മറ്റൊരു കേസുമായി ബന്ധപ്പെട്ട ജയിൽ സന്ദർശനത്തിനിടെയാണ് രണ്ട് മലയാളികൾ ജയിലിൽ കഴിയുന്നുണ്ടെന്ന സംഭവം അറിഞ്ഞത്. ഇക്കാര്യം ഇവർ പുറംലോകത്തെ അറിയിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശികളാണെന്നായിരുന്നു വിവരം. അപ്പോഴേക്കും കേസിന്‍റെ പ്രാഥമിക നടപടിക്രമങ്ങളും അന്വേഷണവും ഏറെക്കുറെ പൂർത്തിയായിരുന്നു. അങ്ങനെയാണ് അവർ ഈ കേസിൽ ഇടപെടുന്നത്.

ഒരു മില്യൻ റിയാലിൽനിന്നായിരുന്നു ദയാധന ചർച്ച തുടങ്ങിയത്. എന്നാൽ, 15 മില്യൻ റിയാൽ നൽകിയാൽ മാത്രമേ റഹീമിനെ മോചിപ്പിക്കാൻ സാധ്യതയുള്ളൂ എന്ന് അഭിഭാഷകർ വ്യക്തമാക്കി. അബൂ അനസ്, മുഹമ്മദ് മുബാറക് അൽ ഖഹ്താനി എന്നിവരായിരുന്നു റഹീമിന്‍റെ ഭാഗത്തുനിന്നുള്ള അഭിഭാഷകർ. ഇവരാണ് ദയാധനം സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്തത്. മറ്റൊരു ഇടപെടലും ഇക്കാര്യത്തിലുണ്ടാകരുതെന്നും ഇന്ത്യൻ എംബസിയുമായി മാത്രമായിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും കരാറുണ്ടാക്കിയതിനെ തുടർന്ന് റഹീമിന്‍റെ കുടുംബത്തിന്‍റെ പക്കൽ നിന്ന് പവർ ഓഫ് അറ്റോർണി എംബസിയുടെ പേരിലാക്കി. ആ കരാറനുസരിച്ച്, 15 മില്യൻ റിയാലിന് തുല്യമായ 34 കോടി രൂപയായിരുന്നു ദയാധനം. ഈ തുക എങ്ങനെ സംഘടിപ്പിക്കുമെന്ന കാര്യത്തിൽ ആദ്യം വലിയ ആശങ്ക ഉണ്ടായിരുന്നു.

എന്നാൽ, റിയാദിലെ മലയാളി സമൂഹം പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയതോടെ കാര്യങ്ങൾക്ക് പുതിയ വഴി തെളിഞ്ഞു. വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കളുമായും മാധ്യമ പ്രവർത്തകരുമായും ആശയവിനിമയം നടത്തി. എല്ലാവരും റഹീമിന്‍റെ മോചനത്തിനായി പൂർണ്ണ സഹായം വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനം ലോകമെമ്പാടുമുള്ള മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയം വഴി സമാഹരിച്ച തുക ഇന്ത്യൻ എംബസിയിൽ എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. അതിനുള്ള നടപടികൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്‍റെ അപ്പീൽ കോടതി സ്വീകരിച്ചു. അധികം വൈകാതെ നിയമനടപടികൾ പൂർത്തിയാക്കും. റഹീമിന് മൂന്ന് മാസത്തിനകം ജയിലിൽ നിന്ന് മോചിതനാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

English Summary:

Saudi Arabia:Expat helps release Keralite man from jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com