ADVERTISEMENT

ഷാർജ ∙ പ്രളയ ദുരിതബാധിതരെ സമൂഹം ചേർത്തുപിടിച്ച് കെടുതികൾ കുറയ്ക്കാൻ ശ്രമിക്കുമ്പോഴും ഷാർജയിൽ വെള്ളക്കെട്ട് ഒഴിയാത്തത് വെല്ലുവിളിയാകുന്നു.  മഴവെള്ളം അഞ്ചാം ദിവസവും കെട്ടിക്കിടക്കുന്നത് ആരോഗ്യ പ്രശ്നമുണ്ടാക്കുമോ എന്നും ആശങ്കയേറി. കനത്ത മഴയിൽ പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ അളവ് കൂടിയതാണ് വെള്ളം ഒഴിഞ്ഞുപോകാത്തത് എന്നാണ് സൂചന. നഗരസഭാ ഉദ്യോഗ്സഥർ ടാങ്കറിൽ വെള്ളം നീക്കുന്നുണ്ടെങ്കിലും കാര്യമായ കുറവുണ്ടാകുന്നില്ല.

അൽവഹ്ദ, അബുഷഗാറ, അൽഖാസിമിയ, അൽമജാസ്, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് എന്നിവിടങ്ങളിൽ വെള്ളത്തിന്റെ നിറവും മണവും മാറിത്തുടങ്ങിയത് പ്രദേശവാസികളെയും സന്നദ്ധ പ്രവർത്തകരെയും പ്രയാസത്തിലാക്കുന്നുണ്ട്. ഇതിനെതിരെ ജനം മുൻകരുതൽ എടുത്തുതുടങ്ങി. ഗംബൂട്ടുകൾ ധരിച്ചാണ് പല വൊളന്റിയർമാരും വെള്ളത്തിലൂടെ നടന്ന് കെട്ടിടത്തിൽ കുടുങ്ങിയവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നത്. 

rainstorm-sharjah-remains-waterlogged-uae-rain

ആരോഗ്യ സുരക്ഷയ്ക്ക് ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് പ്രതിരോധ മരുന്ന് കഴിക്കാൻ വൊളന്റിയർമാരോട് അഭ്യർഥിച്ചു. മലിനജലത്തിലൂടെ പകരുന്ന വൈറൽ രോഗങ്ങൾ തടയുന്നതിനാണിത്. ഛർദി, പനി തുടങ്ങി രോഗലക്ഷണമുള്ളവർ എത്രയും വേഗം ചികിത്സ തേടണമെന്നും രോഗമുള്ളവർ സേവനത്തിന് ഇറങ്ങരുതെന്നും ഓർമിപ്പിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ വിടാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. വെള്ളക്കെട്ടുള്ള മേഖലകളിൽ കുടുങ്ങിയവർക്ക് ഓൺലൈൻ മെഡിക്കൽ സേവനവും സന്നദ്ധ പ്രവർത്തകർ ഒരുക്കി. പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാത്തതിനാൽ ഏതാനും ദിവസം കൂടി ഭക്ഷണ വിതരണം വേണ്ടിവരുമെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. നേരിട്ട് കഴിക്കാൻ സാധിക്കുന്ന പാകം ചെയ്ത ഭക്ഷണമാണ് വേണ്ടത്. 

sharjah-flood1

കാരുണ്യപ്രവർത്തികൾക്ക് പൊലീസ് മികച്ച പിന്തുണയാണ് നൽകുന്നത്. പ്രവേശനം തടഞ്ഞ റോഡുകളിൽ  ജീവകാരുണ്യ വാഹനത്തിന് പ്രവേശനം അനുവദിച്ചത് പ്രവർത്തനം സുഗമമാക്കി. മലയാളികൾക്കു പുറമെ സ്വദേശികളും വിദേശികളും വൊളന്റിയറായി എത്തിയതിനാൽ എല്ലാ വിഭാഗം ജനങ്ങളിലേക്കും സഹായം എത്തിക്കാനായി. ഷാർജയിൽനിന്ന് സഹായം അഭ്യർഥിച്ച് വിളിച്ച ഗർഭിണിക്ക് ബ്രിട്ടിഷുകാരിയായ സാറ ഹാരിസ്. അൽബർഷയിൽനിന്ന് ഷാർജയിലെത്തി സാനിയയെ ബന്ധുവീട്ടിൽ എത്തിക്കുകയായിരുന്നു. ദേശ, ഭാഷ, വർണ വിവേചനമില്ലാതെയുള്ള കാരുണ്യപ്രവർത്തനങ്ങളാണ് വൊളന്റിയർമാർക്ക് ഊർജമേകുന്നത്.
∙ അവശ്യവസ്തുക്കൾ നൽകാൻ ...
ഭക്ഷണം, ശുദ്ധജലം, മരുന്ന്, സാനിറ്ററി നാപ്കിൻ, പവർ ബാങ്ക് തുടങ്ങിയവ നൽകാൻ സന്നദ്ധതയുള്ളവർ https://www.rainsupportuae.com/ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്ന് അഡ്മിൻ സി.മുനീർ അഭ്യർഥിച്ചു. വൊളന്റിയർമാർ നേരിട്ടെത്തി ശേഖരിച്ച് അർഹരായവർക്ക് എത്തിക്കും.

English Summary:

UAE Rain: Sharjah Remains Waterlogged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com