ADVERTISEMENT

ദുബായ് ∙ പ്രളയത്തിൽ ഭവനരഹിതരായ ദുബായിലെ താമസക്കാർക്ക് സൗജന്യമായി താൽക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. മഴക്കെടുതികളിൽ പ്രയാസപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും ദുബായ് സർക്കാരിന്റെ പിന്തുണ ഉണ്ടാകും. നടപടികളുടെ പുരോഗതി വ്യക്തിപരമായി നിരീക്ഷിക്കും. പൗരന്മാരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

കെട്ടിട നിർമാതാക്കൾ, കമ്പനികൾ എന്നിവയാണ് താമസക്കാർക്ക് ബദൽ സംവിധാനവും ഭക്ഷണവും നൽകേണ്ടത്. വെള്ളം കയറി നശിച്ച കെട്ടിടം ശുചീകരിക്കേണ്ടതും കെട്ടിട ഉടമകളാണ്. ഇതിനായി താമസക്കാരിൽനിന്ന് അധിക തുക ഈടാക്കരുത്. കെട്ടിടം ശുചീകരിച്ച് അണുവിമുക്തമാക്കിയ  ശേഷമേ താമസക്കാരെ പ്രവേശിപ്പിക്കാവൂ. വെള്ളക്കെട്ടിനെ തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാനും നാശനഷ്ടങ്ങൾ രേഖപ്പെടുത്താനും നിർദേശിച്ചു. ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള നടപടികൾക്ക് ദുബായ് ലാൻഡ് ഡിപാർട്ട്മെന്റ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്റ്സ് എന്നിവ മേൽനോട്ടം വഹിക്കും.

ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സ്വദേശി കുടുംബങ്ങൾക്ക് ഉണ്ടായ നഷ്ടം കണക്കാക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. 

ദുരിതബാധിതരെ സഹായിക്കാൻ മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഒമർ ബുഷഹാബ് അധ്യക്ഷനായ മറ്റൊരു സമിതിയും രൂപീകരിച്ചു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നം ഉടൻ പരിഹരിക്കാൻ സമിതിയെ ചുമതലപ്പെടുത്തി.

ആവശ്യമുള്ളവർക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ ദുബായിലെ ഇസ്‍ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപാർട്ട്‌മെൻ്റിനോട് ആവശ്യപ്പെട്ടു. കാരുണ്യപ്രവർത്തനങ്ങൾക്ക്  'ജൂദ്' പ്ലാറ്റ്ഫോം വഴി സംഭാവന സ്വീകരിക്കാൻ സാമൂഹിക വികസന അതോറിറ്റിക്ക് അനുമതി നൽകി. കനത്ത മഴയെ തുടർന്നുള്ള പ്രളയത്തിൽ കര, വ്യോമഗതാഗതവും തടസ്സപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ വൈദ്യുതിയും ജലവിതരണവും മുടങ്ങിയിരുന്നു.

English Summary:

Dubai Government's Support to Flood Victims - Accommodation, food and facilities are free

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com