ADVERTISEMENT

ദുബായ്∙ കോടികൾ മുടക്കി വീടുകൾ നിർമിക്കുന്ന മലയാളികൾക്ക് അതിലൊരു ചിത്രമോ പെയിന്‍റിങ്ങോ വാങ്ങി വയ്ക്കാൻ  താത്പര്യമില്ലെന്ന് പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി മുൻ ഭരണസമിതി അംഗവുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ. ലോകപ്രശസ്ത ചിത്രങ്ങളുടെ പ്രിന്‍റുകൾ പോലും കംപ്യൂട്ടറിലിട്ട് വികലമാക്കിയാണ് ആളുകൾ ഉപയോഗിക്കുന്നത്. ഇത് ചിത്രകാരനോടും കലാസൃഷ്ടിയോടും ചെയ്യുന്ന അനീതിയാണെന്ന് അദ്ദേഹം വിമർശിച്ചു. എന്നാൽ, ദുബായിൽ മലയാളികളടക്കമുള്ള ഇന്ത്യൻ ചിത്രകാരന്മാർക്ക് വലിയ സ്വീകാര്യതയാണെന്ന് അദ്ദേഹം സന്തോഷത്തോടെ പങ്കുവെച്ചു. യുഎഇയിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ വിജയകുമാർ മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു.

ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിൻ്റെ ചിത്രങ്ങൾ. Credit: Special Arrangement
ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിൻ്റെ ചിത്രങ്ങൾ. Credit: Special Arrangement

കഴിഞ്ഞ ദിവസം ദുബായിലെ പ്രോഗ്രസീവ് ആർട് ഗ്യാലറി സന്ദർശിച്ചപ്പോൾ, ഇന്ത്യയിലെ നിരവധി കലാകാരന്മാരുടെ ചിത്രങ്ങളും പെയിന്‍റിങുകളും അവിടെ പ്രദർശിപ്പിച്ചിരുന്നതായി കണ്ടു. അവയെല്ലാം നല്ല വിലയ്ക്ക് വിറ്റുപോകുന്നുണ്ടെന്ന് അറിഞ്ഞു . ഞാൻ കേരളത്തിൽ നിന്ന് 10 വീതം ചിത്രങ്ങളും പെയിന്‍റിങ്ങുകളും കൊണ്ടാണ് വന്നത്. ദുബായിലെ കരാമ, റാഷിദിയ്യ, റാസൽഖൈമ എന്നിവിടങ്ങളിൽ നടന്ന കലാ സാംസ്കാരിക പരിപാടികളിൽ അവ പ്രദർശിപ്പിച്ചു. അതിൽ 10 ചിത്രങ്ങളും രണ്ട് പെയിന്‍റിംഗുകളും വിറ്റുപോയി. ഇത് ദുബായിലെ ആളുകൾ കലയെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെന്ന് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഫ്രാൻസിലെ ലൂവ് റെ മ്യൂസിയത്തിൽ ഭാര്യ ഉഷാകുമാരിയോടൊപ്പം ലിയോർണാഡോ ഡാവിഞ്ചിയുടെ പെയിൻ്റിങ് ആസ്വദിക്കുന്നു.  Credit: Special Arrangement
ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഫ്രാൻസിലെ ലൂവ് റെ മ്യൂസിയത്തിൽ ഭാര്യ ഉഷാകുമാരിയോടൊപ്പം ലിയോർണാഡോ ഡാവിഞ്ചിയുടെ പെയിൻ്റിങ് ആസ്വദിക്കുന്നു. Credit: Special Arrangement

∙ കേരളത്തിൽ കലാരംഗത്ത് ചിത്രകല ഏറ്റവും പിറകിൽ
കേരളത്തിൽ, വിവിധ കലാവിഭാഗങ്ങളിൽ ചിത്രകലയ്ക്ക് ഏറ്റവും പിറകിലാണ് സ്ഥാനം. എന്നാൽ, പരിമിതികൾക്കിടയിലും ചില ആർട്ട് ഗ്യാലറികളുടെ സാന്നിധ്യം ചിത്രകാരന്മാർക്ക് ആശ്വാസമായി മാറുന്നു. കൊച്ചിയിലെ മട്ടാഞ്ചേരിയിലെ ചില ഗ്യാലറികളിൽ ചിത്രങ്ങൾ വിറ്റുപോകുന്നതായി കാണാം. നേരത്തെ, ചിത്രങ്ങൾ വാങ്ങി ശേഖരിക്കുന്ന ഒരു സംസ്കാരം കേരളത്തിലുണ്ടായിരുന്നു. എന്നാൽ, കോവിഡ് വരവിന് ശേഷം ഈ സംസ്കാരം ഏറെക്കുറെ ഇല്ലാതായി.  ഗ്യാലറികളും വീടുകളിലും ചിത്രകാരന്മാർക്ക് താമസിച്ചു പെയിന്റ് ചെയ്യാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രകാരന്മാർക്ക് ഒരു മാസത്തോളം ഈ സൗകര്യം ലഭ്യമാകും. എങ്കിലും, ചിത്രകലയെ പരിപോഷിപ്പിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ ആവശ്യമാണ്.

ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഭാര്യ ഉഷാകുമാരിയോടൊൊപ്പം ദുബായിൽ. Credit: Special Arrangement
ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഭാര്യ ഉഷാകുമാരിയോടൊപ്പം ദുബായിൽ. Credit: Special Arrangement

∙ പാഠപുസ്തകങ്ങളി‍ൽ ചിത്രകലാ പഠനം കുറവ്
പുതിയ തലമുറയിൽ ചിത്രകലയോടുള്ള താൽപ്പര്യം വളർത്താനും അവരെ പ്രോത്സാഹിപ്പിക്കാനും  കളരി പോലുള്ള ചിത്ര-ശില്പശാലകൾ നടത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ, സ്കൂൾ പാഠപുസ്തകങ്ങൾ പരിശോധിച്ചാൽ ചിത്രകലയെക്കുറിച്ചുള്ള പാഠങ്ങൾ വളരെ കുറവാണെന്ന് കാണാം. രാജാ രവിവർമയെക്കുറിച്ചുള്ള പാഠം പോലും ഒരേയൊരു ക്ലാസിലെ പുസ്തകത്തിൽ മാത്രമാണുള്ളത്. പുതിയ പാഠപുസ്തകങ്ങളിൽ ചിത്ര-ശില്പകലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ശ്രമം നടക്കുന്നുണ്ടെന്ന് കേൾക്കുന്നു. അത് യാഥാർഥ്യമായാൽ നന്ന്. എന്നാൽ, തിരുവനന്തപുരത്തെ രാജാ രവിവർമ ചിത്രകലാ ഗ്യാലറി പോലും കുട്ടികളെ കൊണ്ടുപോയി കാണിക്കാൻ ആരും താൽപ്പര്യം കാണിക്കുന്നില്ല. ഈ ഗ്യാലറിയിൽ രാജാ രവിവർമയുടെ 43 യഥാർഥ ചിത്രങ്ങൾ ഉണ്ട്. ചിത്രം വരയ്ക്കുന്ന കുട്ടികളിൽ പോലും 10ൽ 1 പേർ മാത്രമേ ഈ ചിത്രങ്ങൾ കണ്ടിട്ടുള്ളൂ. കുട്ടികൾക്ക് ഗ്യാലറികൾ സന്ദർശിക്കാൻ അധ്യാപകരും രക്ഷിതാക്കളും കൂടുതൽ പിന്തുണ നൽകണം.

karakkamandapam-vijayakumar5
ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഭാര്യ ഉഷാകുമാരിയോടൊപ്പം. Credit: Special Arrangement

അടുത്തിടെ ലഭിച്ച അവസരത്തിൽ ഫ്രാൻസിലെ ലൂവ്റെ മ്യൂസിയം സന്ദർശിക്കാൻ എനിക്ക് സാധിച്ചു. അത് പൂർണ്ണമായും കണ്ടുതീർക്കാൻ ഒരാഴ്ച വേണ്ടിവരും. സമയക്കുറവ് മൂലം ലിയോനാർഡോ ഡാവിഞ്ചിയുടെ ചിത്രങ്ങളുടെ ഒരു ഭാഗം മാത്രമേ കാണാൻ സാധിച്ചുള്ളൂ എങ്കിലും അത് അത്ഭുതകരമായിരുന്നു. കേരളത്തിൽ, തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ പോലും മതിയായ ഗ്യാലറികൾ ഇല്ല. ഉള്ളവയിൽ എപ്പോഴും ചിത്രകലാ പ്രദർശനങ്ങൾ നടക്കുന്നുണ്ട്. അതിനാൽ, എല്ലാ ചിത്രകാരന്മാർക്കും ശിൽപികൾക്കും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ മതിയായ അവസരം ലഭിക്കുന്നില്ല.

karakkamandapam-vijayakumar6
ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഭാര്യ ഉഷാകുമാരിയോടൊപ്പം. Credit: Special Arrangement

കേരള ലളിത കലാ അക്കാദമിയില്‍ 2 തവണകളിലായി 10 വർഷത്തിലേറെ ഭരണ സമിതിയംഗമായിരുന്നു കാരയ്ക്കാമണ്ഡപം വിജയകുമാർ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഏഴ് വർഷവും പ്രവർത്തിച്ചു. ചിത്രകല, ബാലസാഹിത്യം സംബന്ധമായി ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ വരയിലേയ്ക്കുള്ള വഴി എന്ന പുസ്തകം ശ്രദ്ധേയമാണ്. ഫോൺ(യുഎഇ):‎+971 55 387 9383.

English Summary:

Malayalis are Not Interested in Buying and Keeping Paintings at Home: Karakkamandapam Vijayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com