കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം ആഡംബര കാറുകൾ; 25-ാം നിലയിലും സഹായഹസ്തം: ഒരൊറ്റ മണിക്കൂറിനുള്ളിൽ 'ഓടിയെത്തി' മലബാറുകാർ
Mail This Article
എടവണ്ണപ്പാറ ∙ കനത്ത ചൂടിനൊരു ശമനമായത്തിയ മഴ യുഎഇയിലുണ്ടാക്കിയത് വൻ നാശനഷ്ടങ്ങൾ. മഴക്കെടുതികൾക്കിടയിൽ ആശ്വാസവുമായി മലബാറിലെ നിരവധി മലയാളി സംഘടനകൾ എത്തി രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുത്തതിൽ ഏറെ ആശ്വാസത്തിലാണ് പലയിടങ്ങളിലും കുടുങ്ങി കിടന്ന മലയാളികളടക്കമുള്ള കുടുംബങ്ങൾ. ഫാറൂഖ് കോളേജ് അലൂംനി അസോസിയേഷന്റെ നേതൃത്വത്തിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 400 ലേറെ സന്നദ്ധ പ്രവർത്തകരാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നത്. ഈ മാസം 16നാണ് യുഎഇയിൽ കനത്ത മഴ പെയ്തത്. 24 മണിക്കൂറിനിടെ 142 മില്ലിമീറ്റർ മഴയാണ് പെയ്തത്. റോഡിനടിയിലൂടെ ഗട്ടർ വാട്ടർ ഒഴുകുന്നതിനാലും കടലിനടുത്ത് ആയതിനാൽ വെള്ളം ഒഴുകിപോവാഞ്ഞതും മഴയുടെ ഭീകരത കൂട്ടി. 75 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങിനെ മഴ പെയ്തതന്ന് ദുബായിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ദുബായിക്ക് പുറമെ പ്രധാന പ്രവിശ്യകളായ ഷാർജ, അജ്മാൻ, കൽബ എന്നിവിടങ്ങളിലാണ് മഴക്കെടുതി കൂടുതലായുള്ളത്.
ശരാശരി പഴയ നിലയിൽ ഈ പ്രദേശങ്ങൾ തിരിച്ചത്താൻ ദിവസങ്ങളെടുക്കുമെന്നാണ് പുതിയ വിവരം. മഴ കനത്ത് തുടങ്ങിയതോടെ രക്ഷാ പ്രവർത്തനങ്ങളുടെ ആവശ്യകത മുൻകൂട്ടി കണ്ടത് മലയാളി സംഘടനകളും വ്യക്തികളുമാണ്. 10 വാട്സ്ആപ്പ് ഗ്രൂപ്പുകളിലായി ഒരു മണിക്കൂർ കൊണ്ട് ആയിരത്തോളം സന്നദ്ധ പ്രവർത്തകർ മുന്നിട്ടിറങ്ങി. വെള്ളം പൊങ്ങിയതോടെ ഫ്ലാറ്റുകളിലും റോഡിലും നിർത്തിയിട്ട വാഹനങ്ങൾ കൂട്ടിമുട്ടാൻ തുടങ്ങി. നിമിഷ നേരം കൊണ്ട് ഗതാഗത തടസ്സം നേരിട്ടു. അപ്പോഴേക്കും വൈദ്യുതി പൂർണ്ണമായും നിലച്ചു. മൊബൈൽ വെളിച്ചത്തിൽ പോലും ചില ഫ്ലാറ്റുകളിൽ ഭക്ഷണ കിറ്റുകളും മരുന്നും എത്തിക്കേണ്ടി വന്നു 25 നിലയിലുള്ള ഫ്ലാറ്റിലേക്ക് 500 ഭക്ഷണ കിറ്റുകളുമായി ഒന്നാം നിലകയറി 5 നില എത്തുമ്പോഴേക്കും ഭക്ഷണ കിറ്റുകൾ കഴിഞ്ഞിരുന്നു. ലിഫ്റ്റ് പ്രവർത്തിപ്പിക്കാനാവാത്തതിനാൽ 10 ലധികം ഓപ്പറേഷൻ ആവശ്യമുള്ള രോഗികളെ വരെ താഴെയിറക്കാൻ പ്രയാസപ്പെട്ടു.
പ്രമുഖ ഹോട്ടൽ ശ്രംഖല സൗജന്യമായി നൽകിയ ഭക്ഷണപ്പൊതികൾക്കായ് കാത്തു നിന്നത് നൂറിൽപ്പരം ആളുകളാണ്. ഭക്ഷണത്തിനും മരുന്നിനുമായി കൺട്രോൾ റൂമിലേക്ക് വന്ന കോളുകൾ നിരവധിയാണന്ന് സംഘാടകർ പറയുന്നു. അതേ സമയം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കെട്ടി കിടക്കുന്ന വെള്ളം ഒഴിവാക്കാൻ അധികൃതർ നിദാന്ത പരിശ്രമത്തിലാണ്.
ദിവസവും 1500 ഭക്ഷ്യകിറ്റുകളും, ഇരട്ടി വാട്ടർ ബോട്ടലുകളും കൊണ്ട് പോവാൻ ഏക വഴി കയാക്കിങ് ബോട്ടുകൾ മാത്രമായത് കാരണം യഥാ സമയം ലക്ഷ്യ സ്ഥാനത്ത് എത്താനായില്ല. 2018ലെ പ്രളയം മലയാളിയെ പലതും പഠിപ്പിച്ചു. ആ അനുഭവ പാഠങ്ങളാണ് രക്ഷപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായതെന്ന് ഫോസ വൈസ് പ്രസിഡന്റ് പി.കെ. ഹബീബ് പറഞ്ഞു. ഇതിനകം 4 ദിവസത്തിനിടെ 4500 ഭക്ഷ്യ കിറ്റുകൾ, ആയിരകണക്കിന് ജനറിക് മരുന്ന് കിറ്റുകൾ, വേവിക്കാത്ത ഭക്ഷണങ്ങൾ, പഴങ്ങൾ ബിസ്ക്കറ്റ് എന്നി ആയിരത്തോളം കിറ്റുകളും വിതരണം ചെയ്തു വരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധന സാമഗ്രികൾ മലയാളികളായ വ്യാപാരികളും സംഘടനകളും തന്നെയാണ് എത്തിച്ച് നൽകിയത്.
2 കിലോ മീറ്ററിനുള്ളിൽ തന്നെ പതിനായിരകണക്കിന് ആളുകൾ താമസിക്കുന്നു. പലരും ആദ്യഘട്ടത്തിൽ ആത്യാവശ്യങ്ങൾ പറയാൻ മടിച്ചിരുന്നെങ്കിലും സഹായങ്ങൾ എത്തിയതോടെ ആവശ്യക്കാരുടെ എണ്ണം കൂടി വന്നതായി സംഘാടകർ പറയുന്നു.