വെള്ളക്കെട്ട് നീക്കാൻ നൂറോളം ടാങ്കറുകൾ; പലയിടത്തും ഗതാഗതം പുനഃസ്ഥാപിച്ചു
Mail This Article
ഷാർജ ∙ മലിനജലം നീക്കുന്ന പ്രവൃത്തി ഷാർജയിൽ ഊർജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടിൽ പൊറുതിമുട്ടിയിരുന്ന അൽമജാസ്, അൽഖാസിമിയ, കിങ് അബ്ദുൽ അസീസ് സ്ട്രീറ്റ്, കിങ് ഫൈസൽ സ്ട്രീറ്റ്, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങി. ഓരോ പ്രദേശത്തും പതിനഞ്ചോളം വാട്ടർ ടാങ്കറുകളാണ് വെള്ളം നീക്കുന്നത്.
സർക്കാർ, സ്വകാര്യ കമ്പനികളുടെ മേൽനോട്ടത്തിൽ നൂറോളം വാട്ടർ ടാങ്കുകൾ രാപകൽ വിവിധ മേഖലകളിലായി വെള്ളം പമ്പ് ചെയ്തു കളയുകയാണ്. ഇന്നു വൈകിട്ടോ നാളെയോ പ്രദേശത്തെ വെള്ളക്കെട്ട് നീങ്ങുമെന്നാണ് പ്രതീക്ഷ. ഇതേസമയം അൽവഹ്ദ, അബൂഷഗാറ ഭാഗങ്ങളിലെ വെള്ളക്കെട്ട് പൂർണമായും കുറഞ്ഞതോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ഷാർജയുടെ ഇതര ഭാഗങ്ങളിലും ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചുതുടങ്ങി. വെള്ളത്തിന്റെ നിറം മാറുകയും ദുർഗന്ധം വമിക്കുകയും ചെയ്തതോടെ അവശേഷിക്കുന്ന താമസക്കാരും പ്രദേശത്തുനിന്നു മാറാൻ നിർബന്ധിതരാവുകയാണ്. താമസക്കാരിൽ രോഗബാധ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം കൂടിയതോടെയാണിത്. ചില കെട്ടിടത്തിൽ പുനഃസ്ഥാപിച്ച പൈപ്പു വെള്ളത്തിൽ മാലിന്യം കലർന്നതായി സംശയമുയർന്നതും താമസം മാറാൻ കാരണമായി.
വെള്ളക്കെട്ട് നീക്കിയാലും പ്രദേശം ശുചീകരിച്ച് അണുവിമുക്തമാക്കണം. തുടർന്ന് കെട്ടിടങ്ങളിലെ ഫ്ലാറ്റുകളും വാട്ടർ ടാങ്കുകളും വൃത്തിയാക്കുകയും ജല–വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ താമസക്കാർ തിരിച്ചെത്താനാകൂ. ഇതിന് ഒരാഴ്ച വേണ്ടിവരുമെന്നാണ് കരുതുന്നത്.