മലവെള്ളപ്പാച്ചിലിൽ വാഹനത്തിൽ കുടുങ്ങിയ സ്വദേശിയെ സാഹസികമായി രക്ഷപ്പെടുത്തി മലയാളികൾ; നന്ദി പറഞ്ഞ് ജാസിം
Mail This Article
ഷാർജ/കൽബ ∙ മലവെള്ളപ്പാച്ചിലിൽ വാഹനത്തിൽ കുടുങ്ങിയ സ്വദേശിയെ സാഹസികമായി രക്ഷപ്പെടുത്തിയതിന്റെ നിർവൃതിയിലാണ് കൽബയിലെ 5 മലയാളി യുവാക്കൾ. വളാഞ്ചേരി മൂർക്കനാട് സ്വദേശിയും ഗാരിജ് ഉടമയുമായ മുഹമ്മദ് നിസാർ (കുഞ്ഞാപ്പു), പാലക്കാട് പട്ടാമ്പി സ്വദേശി ഫാറൂഖ് (പ്ലമർ), മലപ്പുറം തിരൂർ പുത്തനത്താണി കുറുങ്കാട് സ്വദേശിയും കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റുമായ നൂറുദ്ദീൻ, കോട്ടയ്ക്കൽ സ്വദേശി ബാബുരാജ് (ടൈലർ), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ജോബി (ഇലക്ട്രീഷൻ) എന്നിവരാണ് മലയാളികളുടെ അഭിമാനമായത്.
6ന് കനത്ത മഴയിൽ പരിസരങ്ങളിലെ ഡാമുകൾ കരകവിഞ്ഞപ്പോൾ കൽബ വെള്ളക്കെട്ടിലായി. മുൻകാല പ്രളയ അനുഭവം ഉള്ളതിനാൽ പ്രദേശത്തെ ഭൂരിഭാഗം പേരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിരുന്നു. നിസാറും സുഹൃത്തുക്കളും താമസിക്കുന്ന വില്ലയിലേക്കും രാത്രി ഒൻപതരയോടെ വെള്ളം കയറിത്തുടങ്ങി. ഇതോടെ സാധനസാമഗ്രികളുമായി 5 പേരും ക്ലബ്ബിലേക്കു പോകുമ്പോഴാണ് പിക്കപ്പ് ഓടിച്ചു പോകുന്ന സ്വദേശി ജാസിം അൽസാബിയെ കണ്ടത്. ഇവരുടെ മുന്നറിയിപ്പ് അവഗണിച്ചു അദ്ദേഹം മുന്നോട്ടുപോയതോടെ വാഹനത്തിൽ വെള്ളം കയറി.
അപകടം മുന്നിൽ കണ്ട നിസാർ വെള്ളത്തിലേക്കു ചാടി. കയ്യിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ജോബിയെയും ബാബുരാജിനെയും ഏൽപിച്ച് കഴുത്തറ്റം വെള്ളത്തിലൂടെ നൂറുദ്ദീനും ഫാറൂഖും ഒപ്പമെത്തി. അപ്പോഴേക്കും സ്വദേശിയുടെ വാഹനത്തിനുള്ളിൽ വെള്ളം കയറിയിരിക്കുന്നു. വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൂവരും ചേർന്ന് വാഹനം വെള്ളം കുറഞ്ഞ സ്ഥലത്തേക്കു തള്ളി നീക്കി അൽപം തുറന്നുകിടന്ന ഗ്ലാസിലൂടെ ഡോർ തുറന്ന് ജാസിമിനെ പുറത്തെത്തിക്കുകയായിരുന്നു.
മരണത്തിൽനിന്ന് മലയാളികൾ ജീവിതത്തിലേക്ക് ചേർത്തുപിടിച്ചപ്പോൾ ജാസിമിന്റെ കണ്ണുനിറഞ്ഞു. മുന്നറിയിപ്പ് അവഗണിച്ചതിന് ക്ഷമ ചോദിച്ചു. തരീഫിലെ വീട്ടിൽനിന്ന് ഖോർ കൽബയിലെ വീട്ടിലേക്കു പോകുകയായിരുന്നു കോൺട്രാക്ടറായ ജാസിം. കുടുംബത്തെ വിവരമറിയിക്കാൻ ഫോൺ തപ്പിയപ്പോഴാണ് വാഹനത്തിലാണെന്ന് മനസ്സിലായത്. വീണ്ടും 2 പേർ പോയി ഫോൺ എടുത്തുകൊണ്ടുവന്നു. പിന്നീട് ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിൽ ജാസിമിനെ എത്തിച്ചെങ്കിലും അവിടെയും വെള്ളം കയറിയിരുന്നു.
അൽപം ഉയരത്തിൽ മറ്റൊരു വീടുണ്ടെന്ന് പറഞ്ഞപ്പോൾ അവിടെ എത്തിച്ചു. അപ്പോഴാണ് വീടിന്റെ താക്കോൽ വാഹനത്തിലാണെന്ന് അറിയുന്നത്. വീണ്ടും ഇത്രയും ദൂരം പോയി താക്കോൽ എടുത്ത് തിരിച്ചെത്തിയാണ് വീട് തുറന്നത്. അറബിക് മാത്രം അറിയാവുന്ന ജാസിം യാത്രയിലുടനീളം നന്ദി പറയുന്നുണ്ടായിരുന്നു. രക്ഷിച്ചതിന് പണം തരാമെന്നും വീട്ടിൽ താമസിച്ച് രാവിലെ പോകാമെന്നും പറഞ്ഞെങ്കിലും സ്നേഹപൂർവം നിരസിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും പുലർച്ചെ രണ്ടര. എങ്കിലും ഒരു ജീവിതം രക്ഷപെടുത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു അഞ്ചുപേരും.