ഒട്ടകപക്ഷി കുഞ്ഞുങ്ങൾ വിരിഞ്ഞു
Mail This Article
റിയാദ് ∙ വംശനാശ ഭീഷണി നേരിടുന്ന, ചുവപ്പ് കഴുത്തുള്ള മൂന്ന് ഒട്ടകപക്ഷി കുഞ്ഞുങ്ങൾ വിരിഞ്ഞ് ഇറങ്ങിയതായി ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ നേച്ചർ റിസർവ്വ് വികസന അതോറിറ്റി അറിയിച്ചു. ഒരു നൂറ്റാണ്ടായി രാജ്യത്തിന്റെ വടക്കൻ മേഖലയിൽ വംശനാശം സംഭവിച്ചുകൊണ്ടിരുന്ന ഈ പക്ഷിവംശത്തെ ഐടിബി അതോറിറ്റിയുടെ ശ്രമഫലമായാണ് തിരിച്ചുകൊണ്ടുവന്നതെന്ന് സർക്കാർ വാർത്താ ഏജൻസി അറിയിച്ചു.
2021 ലാണ് ഈ വിഭാഗത്തിലെ ഒരു ജോടി പക്ഷികൾക്കുള്ള പ്രകൃതിദത്ത ആവാസവ്യവസ്ഥ ഒരുക്കി ഒട്ടകപ്പക്ഷികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അതോറിറ്റി ആരംഭിച്ചത്. അന്തരീക്ഷവുമായി ഇണങ്ങിയതോടെ 12 മുട്ടകളാണ് ഉത്പാദിപ്പിച്ചത്.
വന്യജീവി വികസനം, ജൈവവൈവിധ്യ സംരക്ഷണം, പാരിസ്ഥിതിക പുനഃസ്ഥാപനം എന്നിവയുടെ ഭാഗമായി അപൂർവ ജീവികളെ അവയുടെ സ്വാഭാവിക ആവാസ പരിതസ്ഥിതികളിലേക്ക് പുനരവതരിപ്പിക്കാനാണ് അതോറിറ്റി മുഖ്യമായും ലക്ഷ്യമിടുന്നത്.
അറേബ്യൻ ചെന്നായ, വിവിധ തരം കുറുക്കന്മാർ, പൂച്ചകൾ, മുയലുകൾ, മറ്റ് പക്ഷികൾക്കിടയിലെ ഏഷ്യൻ ബസ്റ്റാർഡ്, ഉരഗങ്ങൾ എന്നിവയുൾപ്പെടെ 138 ഇനം ജീവികൾ അതോറിറ്റിയുടെ സംരക്ഷണത്തിലുണ്ട്.