ADVERTISEMENT

ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങളെക്കുറിച്ചും പ്രാദേശിക, രാജ്യാന്തര തലത്തിലെ നിര്‍ണായക വിഷയങ്ങളെക്കുറിച്ചും  ചർച്ച ചെയ്തു. അബുദാബിയിലെ ഷെയ്ഖ് മുഹമ്മദിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.  

ഹമദ് രാജാവിന്റെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ക്രമാനുഗതമായി വളർന്നുവരുന്ന ബന്ധം ഉയർത്തിക്കാട്ടിക്കൊണ്ട് ഷെയ്ഖ് മുഹമ്മദ് ഹമദ് രാജാവിനെ സ്വാഗതം ചെയ്ത ശേഷം ബഹ്‌റൈന്റെയും അവിടുത്തെ ജനങ്ങളുടെയും അഭിവൃദ്ധിക്ക് ആശംസകൾ നേർന്നു. യുഎഇയും ബഹ്‌റൈനും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ആവർത്തിച്ച് വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഗൾഫ് സഹകരണ കൗൺസിലിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമായി മേഖലയിലും ആഗോള തലത്തിലും പരസ്പരം പ്രയോജനകരമായ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നു.

സാമ്പത്തിക, വാണിജ്യ, വിനോദസഞ്ചാര മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുകയുമുണ്ടായി. യുഎഇയുടെയും ബഹ്റൈനിന്റെയും സുസ്ഥിര വികസന യാത്രകൾ അവലോകനം ചെയ്യുകയും സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ ആരായുകയും ചെയ്തു. വ്യാപാരവും സർക്കാർ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കൂടുതൽ പങ്കാളിത്തങ്ങളും ചർച്ചാ വിഷയമായി. നിലവിലെ പ്രാദേശിക, രാജ്യാന്തര സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഗൾഫ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകൾ ഇരുപക്ഷവും പങ്കിട്ടു. സുസ്ഥിര വികസനം ഉറപ്പാക്കാൻ ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യമുണ്ടെന്നും വ്യക്തമാക്കി. മേഖലയിൽ സമാധാനവും സുസ്ഥിരതയും വളർത്തുന്നതിനുള്ള യോജിച്ച ശ്രമങ്ങളുടെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും ബഹ്‌റൈൻ റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ പ്രഥമ ഡെപ്യൂട്ടി ചെയർമാനും ജനറൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. 

English Summary:

Sheikh Mohammed met with King Hamad bin Isa Al Khalifa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com