യുഎഇയിലും ഒമാനിലും കനത്ത നാശം വിതച്ച പെരുമഴയ്ക്ക് കാരണം എൽനിനോ പ്രതിഭാസം
Mail This Article
അബുദാബി/മസ്കത്ത് ∙ യുഎഇയിലും ഒമാനിലും കനത്ത നാശം വിതച്ച മഴയ്ക്കു കാരണം സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില കൂടുന്ന എൽനിനോ പ്രതിഭാസമാണെന്ന് രാജ്യാന്തര പഠനം. അറേബ്യൻ ഉപദ്വീപിൽ എൽനിനോ പ്രതിഭാസം 10–40% വരെ ശക്തമായതാണ് ഗൾഫ് രാജ്യങ്ങളിൽ മഴ കൂടാൻ കാരണമെന്നാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ കണ്ടെത്തൽ. ആഗോളതാപനം കൂടുന്നതും ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതും എൽനിനോയുടെ തോത് കൂട്ടുന്നുണ്ട്. ഇതെല്ലാമാണ് മേഖലയിൽ കനത്ത മഴ പെയ്യാൻ കാരണമായതെന്ന് ലണ്ടനിലെ ഇംപീരിയൽ കോളജിലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ഗ്രന്ഥം ഇൻസ്റ്റിറ്റ്യൂട്ട് (കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി) സീനിയർ ലക്ചറർ ഫ്രെഡറിക് ഓട്ടോ പറഞ്ഞു. ചൂടുള്ള അന്തരീക്ഷത്തിന് കൂടുതൽ ഈർപ്പം നിലനിർത്താൻ കഴിയുമെന്ന അടിസ്ഥാന ഭൗതികശാസ്ത്ര തത്വമാണിതെന്ന് പരിസ്ഥിതിയും ഗവേഷക മറിയം സക്കറിയ പറഞ്ഞു. ഇതുമൂലം അധികമായുണ്ടാകുന്ന മഴയുടെ അളവ് കൃത്യമായി കണക്കാക്കാനായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മധ്യ, കിഴക്കൻ പസിഫിക് സമുദ്രജലത്തിൽ അനുഭവപ്പെട്ട എൽനിനോ ലോകത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഴയ്ക്കു കാരണമാകുന്നുണ്ട്. എൽനിനോയെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ, വനനശീകരണം എന്നിവ തടയുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ഒരുപരിധിവരെ പിടിച്ചുനിർത്താൻ കഴിയുമെന്നും വിദഗ്ധർ പറഞ്ഞു.
14-15 തീയതികളിൽ അറേബ്യൻ ഉപദ്വീപ് പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചിരുന്നു. 24 മണിക്കൂറിനകം യുഎഇയിൽ 14 സെന്റിമീറ്ററിലധികം മഴ ലഭിച്ചു. ഇത് ഒന്നര വർഷത്തെ മഴയ്ക്ക് തുല്യമാണ്. 1949ന് ശേഷമുള്ള യുഎഇയിൽ ലഭിച്ച ഏറ്റവും കനത്ത മഴയാണിത്.
ഒമാനിലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ ബസ് അപകടത്തിൽ 10 കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചിരുന്നു. യുഎഇയിലെ മഴക്കെടുതികളിൽ 2 വനിതകൾ ഉൾപ്പെടെ 5 പേർക്കും ജീവൻ നഷ്ടമായി. ഒമാനിൽ 80 ശതമാനവും യുഎഇയിൽ 85 ശതമാനവും ആളുകൾ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നത്. അതേസമയം, കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ്ങിനെക്കുറിച്ച് പഠനം നടത്തിയിട്ടില്ലെന്നും ശാസ്ത്രജ്ഞർ സൂചിപ്പിച്ചു. യുഎഇയിൽ ക്ലൗഡ് സീഡിങ് നടത്താതെ തന്നെ മഴ പെയ്യാനുള്ള സാധ്യത ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.