ADVERTISEMENT

അബുദാബി ∙ നാട് ആര് ഭരിക്കണമെന്ന വിധിയെഴുത്തിൽ നേരിട്ടു പങ്കെടുത്തതിന്റെ ആഹ്ലാദത്തിൽ ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ. ഗ്രൂപ്പ് ബുക്കിങ് നടത്തിയ, ചാർട്ടർ ചെയ്ത വിമാനങ്ങളിലായാണ് മലയാളികൾ നാട്ടിലെത്തി വോട്ടെടുപ്പിൽ പങ്കെടുത്തത്. 20 സീറ്റും നേടുമെന്ന് യുഡിഎഫ് അനുഭാവ സംഘടനകൾ പറയുന്നു. 10 മുതൽ 12 വരെ സീറ്റ് ഉറപ്പാണെന്ന് ഇടതു സംഘടനകളും. തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലുമാണ് എൻഡിഎ പ്രതീക്ഷകൾ. 

അതിശക്തമായ പോരാട്ടത്തിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി യുഡിഎഫിന്റെ പിന്നിൽ അണിനിരന്നെന്ന് ആലപ്പുഴ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് സമിതി  വൈസ് ചെയർമാൻ എ.എം.അൻസാർ പറഞ്ഞു. വർഗീയ, ഫാഷിസ്റ്റ് ശക്തികളെ തുരത്താനുള്ള നേതൃപരമായ പങ്കാണ് കേരളം വഹിച്ചത്. പോളിങ് ബൂത്തിലെ ജനങ്ങളുടെ നീണ്ടനിര ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും കായംകുളം മണ്ഡലത്തിന്റെ കൂടി ചുമതലയുള്ള അൻസാർ  പറഞ്ഞു.  

ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരനൊപ്പം പര്യടനത്തിൽ ഹരികുമാർ.
ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരനൊപ്പം പര്യടനത്തിൽ ഹരികുമാർ.

ജനാധിപത്യം പുലരട്ടെ എന്ന മുദ്രാവാക്യവുമായി ഗൾഫിൽ നിന്ന് നാട്ടിലെത്തി വോട്ട് ചെയ്ത കെഎംസിസി പ്രവർത്തകരും ആഹ്ലാദത്തിലാണ്. നാടിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ പ്രവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കാനായതിന്റെ സന്തോഷവും പങ്കുവച്ചു. 20 സീറ്റും യുഡിഎഫ് നേടുമെന്ന് അബുദാബി കെഎംസിസി നേതാവ് അബു കളപ്പാട്ടിൽ പറഞ്ഞു. നാട്ടിലെത്തിയത് മുതൽ വീടുകൾ തോറും കയറിയിറങ്ങി വോട്ടുറപ്പിച്ചതിനൊപ്പം ബൂത്ത് പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 

ഇടത് അനുകൂല തരംഗമാണ് കേരളത്തിൽ കണ്ടതെന്ന് ശക്തി അബുദാബി രക്ഷാധികാരി അ‍ഡ്വ.അൻസാരി പറഞ്ഞു. 12 സീറ്റ് വരെ ഉറപ്പിക്കാമെന്നാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള അൻസാരി പറഞ്ഞത്. യുഎഇയിലെ തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്കു ചുക്കാൻപിടിച്ച ശേഷമാണ് അൻസാരി നാട്ടിലെത്തി പ്രവർത്തനങ്ങളിൽ സജീവമായത്. ഇ.പി.ജയരാജൻ വിവാദമൊന്നും കേരളത്തിൽ വിലപ്പോകില്ല. തൃശൂരിൽ സിപിഎമ്മുകാർ സുരേഷ് ഗോപിക്ക് വോട്ടു നൽകിയെന്നതു ശുദ്ധ അസംബന്ധമാണ്.

ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയോടൊപ്പം മണ്ഡല പര്യടനത്തിൽ അഡ്വ. അൻസാരി.
ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയോടൊപ്പം മണ്ഡല പര്യടനത്തിൽ അഡ്വ. അൻസാരി.

രാജ്യം അപകടത്തെ നേരിടുമ്പോൾ ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി പറഞ്ഞു. കാസർകോട്, കോഴിക്കോട്, കണ്ണൂർ, വടകര, പാലക്കാട്, ചാലക്കുടി, തൃശൂർ, ആലത്തൂർ, ആറ്റിങ്ങൽ, മാവേലിക്കര, പത്തനംതിട്ട എന്നിവയാണ് ഉറച്ച മണ്ഡലങ്ങളെന്നും പറഞ്ഞു. ഇത്തവണ തൃശൂർ എടുക്കുമെന്നാണ് എൻഡിഎ അനുഭാവികളുടെ ഉറച്ച വാക്കുകൾ. തിരുവനന്തപുരത്തും ആറ്റിങ്ങലിലും പ്രതീക്ഷയുണ്ട്.  20 മണ്ഡലങ്ങളിലും മികച്ച പ്രവർത്തനം നടത്താനായി. ആറ്റിങ്ങൽ മണ്ഡലത്തിലെ കുടുംബയോഗ ചുമതലയുള്ള അബുദാബിയിൽ ജോലി ചെയ്യുന്ന ഹരികുമാർ പറഞ്ഞു.

English Summary:

Malayalis Come Home to Vote from Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com