യുഎഇയിൽ മഴ കൊണ്ടുവന്ന 'കോളക്കഥ'; 62 വർഷം പഴക്കമുള്ള സീൽഡ് 'കുപ്പി' വെളിപ്പെടുത്തുന്നത് 'ചരിത്രം'
Mail This Article
ഷാർജ ∙ ഇത് മഴ കൊണ്ടുവന്ന പഴയൊരു പെപ്സി-കോളക്കഥ. കഴിഞ്ഞയാഴ്ച റെക്കോർഡ് മഴയെ തുടർന്ന് രാജ്യത്തുണ്ടായ സംഭവവികാസങ്ങളിൽ പലരുടെയും മനസിൽ ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയാണിത്. അറബിക് ഭാഷയിൽ 'ദുബായ്' എന്ന് പേരെഴുതിയ സീൽ ചെയ്ത 1960 കളിലെ പെപ്‌സി-കോള കുപ്പി. ദൈദിലെ സ്വദേശിക്കാണ് ഇൗ 'പുരാതനവസ്തു' ലഭിച്ചത്. പതിറ്റാണ്ടുകളായി കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായിരുന്നിട്ടും കുപ്പിയുടെ മൂടി ഇതുവരെ തുറന്നിരുന്നില്ല. മാത്രമല്ല, അതിന്റെ ഉള്ളടക്കങ്ങളും ലിഖിതങ്ങളും മായാതെ നിന്നു. അക്കാലത്തെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെ തെളിവാണിതെന്ന് പൈതൃക പ്രേമിയും ഗവേഷകനുമായ അലി റാഷിദ് അൽ കെത്ബി ചൂണ്ടിക്കാട്ടുന്നു.
∙ വെളിവായത് ദുബായുടെ ആദ്യകാല വ്യാപാര ചരിത്രം
മണ്ണിനടിയിൽ നിന്ന് കുറേയേറെ പുരാവസ്തുക്കൾ കനത്ത മഴ പുറത്തുകൊണ്ടുവന്നിരുന്നു. ഇതേ തുടർന്ന് പ്രദേശം പര്യവേക്ഷണം ചെയ്യുന്നതിനിടെ ഒരു വാദിയുടെ(തടാകം) ഗതി പിന്തുടരുമ്പോൾ ഭൂമിയുടെ ഒരു ഭാഗം മണ്ണൊലിച്ചുപോയതായി അദ്ദേഹം ശ്രദ്ധിച്ചു. പാറക്കെട്ടുള്ള ഒരു പാറപ്രദേശത്ത് എത്തുന്നതുവരെ പര്യവേക്ഷണം തുടർന്നു. അവിടെ അദ്ദേഹം ദുബായ് റിഫ്രഷ്‌മെന്റ് കമ്പനിയുടെ പെപ്‌സി-കോള കുപ്പി കണ്ടെത്തുകയായിരുന്നു.
1958-ൽ സ്ഥാപിതമായ ദുബായ് റിഫ്രഷ്‌മെന്റ് കമ്പനിയുടെ ആദ്യാകാലത്തെ സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പിയായിരുന്നു അത്. പുരാവസ്തുക്കൾ ശേഖരിക്കുന്ന ആളായതിനാൽ ഈ സ്ഥലത്ത് എന്തെങ്കിലും അവശിഷ്ടങ്ങൾ ഉണ്ടോ എന്ന് പ്രദേശത്തെ മുതിർന്നവരോട് ചോദിക്കാറുണ്ടായിരുന്നുവെന്ന് അലി റാഷിദ് അൽ കെത്ബി പറയുന്നു. ഉൽപ്പാദനത്തിന്റെയും പൂർത്തീകരണത്തിന്റെയും കോഡുകളുടെ അടിസ്ഥാനത്തിൽ ഉൽപ്പാദന തീയതി 1962-ലാണെന്ന് കണ്ടെത്തി. പാറകൾക്കിടയിൽ സ്ഥിതി ചെയ്തിരുന്ന കുപ്പി ദുബായുടെ ആദ്യകാല വ്യാപാര ചരിത്രവും അതിന്റെ സ്ഥാപകനായ പരേതനായ ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണവും എടുത്തുകാണിക്കുന്നു.
അലി അൽ കെത്ബി ഇപ്പോൾ ഇസ്ലാമിക ചരിത്രത്തിലും നാഗരികതയിലും ഗവേഷണം നടത്തിവരികയാണ്. പൈതൃകം, കാലാവസ്ഥ, ഷാർജയുടെ ചരിത്രം എന്നിവയോടുള്ള അഭിനിവേശം കനത്ത മഴയ്ക്ക് ശേഷം പ്രദേശം പര്യവേക്ഷണം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു.