യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും
Mail This Article
ഷാർജ/ദുബായ്/അബുദാബി ∙ ഈ ആഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചനം. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വൈകിട്ട് വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊടുങ്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻഎംസി) അറിയിച്ചു. അതേസമയം, ഇന്ന് (തിങ്കൾ) ഷാർജയിലും രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും നേരിയ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നലെ (ഞായർ) സൈഹ് അൽ സലാം ഉൾപ്പെടെയുള്ള ദുബായുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും അൽ ഐനിൽ നേരിയ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ ആഴ്ച രാജ്യത്തെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയുണ്ടാകും. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ബുധനാഴ്ച രാത്രി പടിഞ്ഞാറ് നിന്ന് ആരംഭിച്ച് വ്യാഴാഴ്ച രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കുമെന്നും വ്യാഴാഴ്ച മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും ഔദ്യോഗിക വാർത്താ ഏജൻസി വാം വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയുടെ ആദ്യ ദിവസങ്ങളിൽ മഴ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും കാര്യമായി പെയ്തിരുന്നില്ല. എന്നാൽ ഏറ്റവും മോശം കാലാവസ്ഥ വ്യാഴാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേയ് 2 ന് രാവിലെ 7 മുതൽ കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും അബുദാബിയിൽ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ആപ്പ് വിൻഡിയും പറയുന്നു. തലസ്ഥാനത്ത് ഈ ആഴ്‌ചയിലെ ഏറ്റവും ഉയർന്ന താപനില നാളെയാകും. ഉച്ചതിരിഞ്ഞ് 38 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഇടിയും മിന്നലും ദുബായിൽ എത്തുമെന്നാണ് പ്രവചനം. ദുബായ്, ഫുജൈറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്ന് രാത്രി 8 വരെ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. ഏപ്രിൽ 16 നുണ്ടായ പ്രളയത്തിൽ നിന്ന് യുഎഇ കരകയറുന്നതിനിടെയാണ് കനത്ത മഴയെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്.