കേരളത്തിലും ദുബായ് മോഡൽ ഡ്രൈവിങ് ടെസ്റ്റ്; യുഎഇയിലെ മിടുക്ക് നാട്ടിലും മലയാളി പുലർത്തുമോ?
Mail This Article
ദുബായ്∙ ദുബായിലെ ഡ്രൈവിങ് ടെസ്റ്റ് പോലെ കേരളത്തിലും, അതാണ് നമ്മുടെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ സ്വപ്നം. യാഥാർഥ്യമായാൽ കേരളത്തിലെ ഗതാഗത സംവിധാനത്തിന്റെ തലവര തന്നെ മാറും. എന്താണ് ദുബായിലെ ഡ്രൈവിങ് ടെസ്റ്റ്?
ദുബായിൽ ഡ്രൈവിങ് ലൈസൻസിനു നാട്ടിലെ ഒരു ഡിഗ്രി പാസായതിന്റെ വിലയുണ്ട്. ഒരു ഡ്രൈവിങ് ലൈസൻസ് മനുഷ്യന്റെ തലവര തന്നെ മാറ്റും. 1000 – 10000 ദിർഹം ഉറപ്പിക്കാവുന്ന ഒരു ജോലിയിലേക്കുള്ള പ്രവേശന വാതിൽ കൂടിയാണ് ഇവിടെ ഡ്രൈവിങ് ലൈസൻസ്. ഈ മഹാനഗരം നിലയ്ക്കാതെ ചലിക്കുന്നതിന്റെ അടിസ്ഥാനവും ഡ്രൈവിങ് ലൈസൻസ് തന്നെ.
ലൈസൻസ് എടുത്തു, ഇനി എവിടെങ്കിലും പോയി വണ്ടിയോടിക്കാൻ പഠിക്കണമെന്നു പറയുന്ന എത്രയോ പേരെ നമ്മൾ കേരളത്തിൽ കണ്ടിട്ടുണ്ട്. എന്നാൽ, ദുബായിൽ ഒരു പെർഫെക്ട് ഡ്രൈവർക്കു മാത്രം കിട്ടുന്നതാണ് ഡ്രൈവിങ് ലൈസൻസ്. നമ്മുടെ നാട്ടിലെ മണി ചെയിൻ പരിപാടി പോലെയാണ്, ഇവിടത്തെ ഗതാഗത സംവിധാനം. മണി ചെയിനിൽ ഏതെങ്കിലും ഒരു കണ്ണി പൊട്ടിയാൽ, ആ പ്രസ്ഥാനം തന്നെ പൂട്ടി പോകും എന്നു പറയുന്നതു പോലെ, ദുബായിൽ ഏതെങ്കിലും ഒരു ഡ്രൈവർക്ക് എവിടെങ്കിലും പിഴച്ചാൽ അത് കുറഞ്ഞതു 10 വാഹനങ്ങളെയെങ്കിലും അപകടത്തിൽ ചാടിക്കും. 1000 പേരുടെയെങ്കിലും വഴി മുടക്കും. അതു കൊണ്ട് തന്നെ ഡ്രൈവിങ്ങിലെ കൃത്യത അത്, ഈ നാടിന്റെ ചലനത്തിന് അത്യാവശ്യമാണ്.
മികച്ച ഡ്രൈവിങ് സ്കൂൾ, ഇൻസ്ട്രക്ടർമാർ എന്നിവരിൽ നിന്നാണ് ഈ രാജ്യത്തെ മികച്ച ഡ്രൈവർമാരുടെ ജനനം. എല്ലാ ഡ്രൈവിങ് സ്കൂളുകളിലും ഗതാഗത വകുപ്പിന് ഓഫിസുണ്ടാകും. ഉലയിൽ പൊന്നുരുക്കി ഊതി കാച്ചിയൊരുക്കുന്നതു പോലെ മാസങ്ങൾ നീളുന്നതാണ് ലൈസൻസ് നടപടികൾ.
∙ ലേണേഴ്സ്
രാജ്യത്തെ ഗതാഗത നിയമങ്ങൾ സംബന്ധിച്ചുള്ള അറിവാണ് ഇവിടെ പരിശോധിക്കുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും നേരത്തെ തന്നെ പഠിച്ചു തയാറാകാം. കംപ്യൂട്ടറിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാം. പരീക്ഷ പൂർത്തിയാക്കി പുറത്ത് ഇറങ്ങുമ്പോൾ റിസൽറ്റും നമ്മളെ കാത്തിരിപ്പുണ്ടാകും. അതുമായി വേണം, ഡ്രൈവിങ് പഠനത്തിനു ചേരാൻ. നാട്ടിലെ പോലെ തന്നെ ഇവിടെയും. ഒരു വലിയ വ്യത്യാസം എന്തെന്നാൽ, L ബോർഡ് വച്ച് ഇവിടെ വാഹനം ഓടിക്കാൻ കഴിയില്ല. ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഇൻസ്ട്രക്ടർക്കൊപ്പം മാത്രമേ ലേണേഴ്സുകാരനു റോഡിലിറങ്ങാൻ അനുവാദമുള്ളു. എഴുത്തു പരീക്ഷ പാസായ കടലാസും കയ്യിൽ വച്ച് മൂന്നാറിലേക്കോ ഊട്ടിയിലേക്കോ ട്രിപ്പു പോകുന്ന പരിപാടി ഇവിടെയില്ല. ഡ്രൈവിങ് പഠിക്കുന്ന ആളിന്റെ തിരിച്ചറിയിൽ രേഖ മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ റജിസ്റ്റർ ചെയ്ത്, ഡ്രൈവിങ് പരിശീലനത്തിന്റെ സമയം മുൻകൂട്ടി ബുക്ക് ചെയ്ത്, ആ സമയത്തു മാത്രമേ വണ്ടിയുമായി പുറത്തിറങ്ങാവു. അല്ലാത്ത സമയത്ത്, ഇൻസ്ട്രക്ടറുടെ ഒപ്പം ഡ്രൈവിങ് സ്കൂളിന്റെ വണ്ടിയിൽ പുറത്തു കറങ്ങിയാൽ പോലും പിടിവീഴും. പിന്നെ, ലൈസൻസിനെ കുറിച്ചു ചിന്തിക്കുകയേ വേണ്ട. 40 ക്ലാസാണ് ഡ്രൈവിങ് പരിശീലനത്തിനു നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 20 ക്ലാസ് മതി.
∙ കയറുന്നതു മുതൽ നിയമം
ചാടിക്കയറി വണ്ടി ഓടിച്ചു തുടങ്ങാൻ പറ്റില്ല. കയറുന്നതിനും ഇരിക്കുന്നതിനും പോലും നിയമമുണ്ട്. വണ്ടിയിൽ കയറുന്നതിന് ആദ്യം ഡ്രൈവർ സീറ്റിനു തൊട്ടു പിന്നിലെ ഡോറിനോടു ചേർന്നു നിൽക്കണം. ഇടത്തും വലത്തും നോക്കി വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി, ഡ്രൈവറുടെ ഡോർ തുറക്കണം. സീറ്റ് പരമാവധി പിന്നിലേക്ക് നീക്കിയ ശേഷം ആദ്യം ഇരിക്കണം. പിന്നീട്, രണ്ടു കാലും ഒരുമിച്ച് അകത്തേക്കു വയ്ക്കണം. സീറ്റ് അഡ്ജസ്റ്റ് ചെയ്യലാണ് അടുത്ത പണി. അതിനു ശേഷം സ്റ്റീയറിങ് അഡ്ജസ്റ്റ് ചെയ്യണം. പിന്നീട്, ഇരുവശത്തെയും ഉള്ളിലെയും മിററുകൾ ശരിയാക്കണം. സീറ്റ് ബെൽറ്റ് ധരിക്കണം. ഒപ്പം യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചുവെന്ന് ഉറപ്പാക്കണം. പിന്നിലേക്കാണെങ്കിലും മുന്നിലേക്കാണെങ്കിലും എടുക്കുന്നതിന് മുൻപ് ഇൻഡിക്കേറ്റർ നിർബന്ധമായിടണം. അതിനു ശേഷം ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു വണ്ടി നീക്കാം.
വാഹനം ഓടിക്കുമ്പോൾ നടുവിലെ വരയിലോ വശങ്ങളിലെ വരയിലോ വണ്ടി കയറാൻ പാടില്ല. ഇരു വരകൾക്കും നടുവിൽ സാങ്കൽപ്പിക ബോക്സ് പാലിച്ചു വേണം വാഹനം മുന്നോട്ടു പോകാൻ. ഒരു റോഡിൽ നിന്ന് മറ്റൊന്നിലേക്കു കയറുമ്പോൾ ഇടമുറിയാത്ത ലൈൻ അണെങ്കിൽ വാഹനം നിർബന്ധമായും നിർത്തണം. എതിരെ വണ്ടിയില്ലെങ്കിലും നിർത്തിയ ശേഷം മാത്രമേ മുന്നോട്ടു പോകാൻ പാടുള്ളു. ഒരു വരിയിൽ നിന്ന് അടുത്ത വരിയിലേക്കു മാറുമ്പോൾ നിർബന്ധമായും ഇൻഡിക്കേറ്റർ ഇടണം. പിന്നിലെ, വാഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ മാത്രമേ ലെയ്ൻ മാറാൻ പാടുള്ളു. മഞ്ഞവര, ഇടമുറിയാത്ത വെള്ളവര എന്നിവ ഒരു കാരണവശാലും മുറിച്ചു കടക്കാൻ പാടില്ല. ട്രാഫിക് സിഗ്നലുകളിൽ നടുവിലായി കാണുന്ന മഞ്ഞ ബോക്സിനുള്ളിൽ ഒരിക്കലും വാഹനം നിർത്തരുത്. ട്രാഫിക് സിഗ്നൽ പച്ചയാണെങ്കിൽ പോലും മുന്നോട്ടു വാഹനം കടന്നു പോകാൻ തടസ്സമുണ്ടെങ്കിൽ നിൽക്കുന്നിടത്ത് നിന്നു ചലിക്കരുത്.
ഓരോ റോഡിലും വട്ടത്തിലുള്ള ബോർഡിൽ എഴുതിയിരിക്കുന്ന വേഗ പരിധി കൃത്യമായി പാലിക്കണം. റൗണ്ട് എബൗട്ടുകൾ എടുക്കുന്നതിനു കൃത്യമായ നിയമം ഉണ്ട്. അതുപാലിച്ചിരിക്കണം. ഇത്തരം, പ്രായോഗിക പരിശീലനമാണ് ഡ്രൈവിങ് പഠനത്തിൽ ഡ്രൈവർക്കു കിട്ടുക. ടെസ്റ്റിനു പോകുന്നതിനു മുൻപ് ഡ്രൈവിങ് സ്കൂളുകൾ തന്നെ നടത്തുന്ന അസെസ്മെന്റ് പരീക്ഷയുണ്ട്. അതു കടന്നു കൂടിയാൽ മാത്രമേ മോട്ടോർ വാഹന വകുപ്പിന്റെ (ആർടിഎ) പരീക്ഷയിൽ പങ്കെടുക്കാൻ അർഹത ലഭിക്കു.
∙ ടെസ്റ്റുകൾ രണ്ടു തരം
ആദ്യം കടക്കേണ്ടത് പാർക്കിങ് ടെസ്റ്റ് ആണ്. അതു പാസായാൽ രണ്ടാം ഘട്ടം റോഡ് ടെസ്റ്റ്. ഇതു രണ്ടും വിജയിക്കുന്നവർക്കു മാത്രമാണ് ഡ്രൈവിങ് ലൈസൻസ്. പാർക്കിങ് ടെസ്റ്റ് ഒരു വൻമതിലാണ്. അത്ര പെട്ടെന്ന് ചാടിക്കടക്കാൻ പറ്റില്ല. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തിനുള്ളിലും പുറത്തും സെൻസറുകളും ക്യാമറകളുമുണ്ട്. വണ്ടിയോടിക്കുമ്പോൾ വാഹനത്തിന്റെ മിററുകളിൽ എത്ര തവണ ഡ്രൈവർ നോക്കി എന്നത് ഉൾപ്പടെ ക്യാമറകൾ രേഖപ്പെടുത്തും. വണ്ടിയുടെ ചക്രങ്ങൾ ഏതെങ്കിലും വരയിൽ മുട്ടിയോ എന്ന് പുറത്തെ ക്യാമറകൾ പരിശോധിക്കും. ബ്രേക്ക്, ആക്സിലറേറ്റർ, ഇൻഡിക്കേറ്റർ, സീറ്റ് ബെൽറ്റ് അടക്കമുള്ള കാര്യങ്ങളുടെ കൃത്യത സെൻസറുകൾ ഉറപ്പു വരുത്തും. എക്സാമിനർക്കൊപ്പം ഡ്രൈവിങ്ങിലെ പിഴവുകൾ കണ്ടെത്താൻ ഈ സാങ്കേതിക വിദ്യകൾ കൂടി സഹായിക്കും. കുറ്റമറ്റ രീതിയിൽ ടെസ്റ്റ് പൂർത്തിയാക്കിയെന്ന് എക്സാമിനറും ക്യാമറകളും സെൻസറുകളും സാക്ഷ്യപ്പെടുത്തണം.
∙ പാർക്കിങ് ടെസ്റ്റ്
യാർഡിൽ നിന്ന് എടുക്കുന്ന ടെസ്റ്റ് വണ്ടി ആദ്യം ഓടിച്ചു കയറ്റേണ്ടത് കുന്നിലേക്കാണ്. അതിൽ മാർക്ക് ചെയ്തിരിക്കുന്ന ലൈനുകളുടെ മധ്യത്തിൽ വാഹനം നിർത്തണം. ഇവിടെ നിന്ന് വണ്ടി പിന്നിലേക്കു പോകാതെ വീണ്ടും മുന്നോട്ട് എടുക്കണം. താഴേക്ക് ഇറങ്ങുന്ന വഴിയിൽ അടുത്ത പരീക്ഷണം കാത്തിരിപ്പുണ്ട്. 20 കിലോമീറ്റർ സ്പീഡിനു മുകളിലെത്തുമ്പോൾ വണ്ടിയിൽ അലാം അടിക്കും. മുന്നിൽ പെട്ടെന്നൊരാൾ ചാടി എന്നതാണ് ആ അലാമിന്റെ സൂചന. വണ്ടി ചവിട്ടി നിർത്തണം. മുന്നിലേക്ക് അൽപം പോലും നീങ്ങരുത്. അതും പൂർത്തിയാക്കിയാൽ പാർക്കിങ്ങിലേക്കു നീങ്ങാം. പാരലൽ പാർക്കിങ്, ആംഗിൾ പാർക്കിങ്, ഗാരിജ് പാർക്കിങ്. ഏതു പാർക്കിങ്ങിൽ നിർത്തിയാലും മുന്നിലെയും പിന്നിലെയും വശങ്ങളിലെയും വരകളും വാഹനവും തമ്മിലുള്ള അകലം കൃത്യമായിരിക്കണം. മുന്നോട്ടു കയറാനോ പിന്നിലേക്കു നീങ്ങാനോ പാടില്ല. പാർക്കിങ് ബോക്സിനുള്ളിലെ കൃത്യത വാഹനത്തിലെ സെൻസറുകൾ ഉറപ്പു വരുത്തും. ഇതിലേതെങ്കിലും ഒന്നു തോറ്റാൽ, അതു മാത്രം വീണ്ടും ചെയ്തു കാണിക്കണം. അതിനു മുൻപ് ഇൻസ്ട്രക്ടറുടെ അടുത്ത പരിശീലിക്കണം. പുതിയ ഡേറ്റ് എടുത്തു തോറ്റു പോയ ഭാഗം കൃത്യമായി ചെയ്തു പാസാകാം. പാർക്കിങ് ടെസ്റ്റ് പൂർത്തിയാകുന്നവർക്ക് അടുത്തത് ഹൈവേ ക്ലാസ് ആണ്.
ഹൈവേയിൽ 100 കിലോമീറ്റർ സ്പീഡിൽ വാഹനം ഓടിക്കാനുള്ള പരിശീലനമാണിത്. ബ്രേക്ക് ചവിട്ടാതെ സ്പീഡ് നിലനിർത്തി മുന്നിലെ വാഹനവുമായി അകലം പാലിച്ച് എങ്ങനെ ഓടിക്കാം എന്നതാണ് ഈ പരിശീലനത്തിലൂടെ ഡ്രൈവർ പഠിക്കുന്നത്. നിശ്ചിത സമയത്ത് ഡ്രൈവിങ് സ്കൂളിൽ നിന്നു വാഹനമെടുത്തു മാപ്പ് നോക്കി ഓടിച്ചു നിശ്ചിത സമയത്ത് തിരികെ എത്തുന്നവരാണ് ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നത്.
∙ റോഡ് ടെസ്റ്റ്
ദുബായിൽ റോഡ് ടെസ്റ്റിന് 3 പേരായിരിക്കും ഒരു വാഹനത്തിൽ. മുൻ സീറ്റിൽ എക്സാമിനർ ഉണ്ടാകും. (മറ്റ് എമിറേറ്റുകളിൽ വ്യത്യസ്തമായ രീതിയിലാണ്). നിയമ പ്രകാരം വാഹനത്തിന്റെ ഡോർ തുറന്ന് അകത്തിരുന്ന് സീറ്റ്, മിറർ, സ്റ്റീയറിങ് എന്നിവ ക്രമപ്പെടുത്തി വാഹനം മുന്നോട്ട് എടുക്കാം. എടുക്കും മുൻപും എടുത്ത ശേഷവും ഇൻഡിക്കേറ്ററുകൾ കൃത്യമായി ഇടണം. ബ്ലൈൻഡ് സ്പോട് അടക്കം എപ്പോഴും ശ്രദ്ധിക്കണം. പ്രത്യേകിച്ച്, മറ്റു റോഡിലേക്കു കയറുമ്പോഴും ലെയ്ൻ മാറുമ്പോഴും. ഏതിലെങ്കിലും പിഴവു സംഭവിച്ചാൽ ക്യാമറയും സെൻസറും ഒപ്പിയെടുക്കും. കൃത്യമായി പൂർത്തിയാക്കിയാൽ ലൈസൻസ് സ്വന്തമാകും. അപ്പോൾ തന്നെ ലൈസൻസ് പ്രിന്റ് ചെയ്തു കയ്യിൽ കിട്ടും. നാട്ടിലെ ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവുണ്ടാകും. ഏതെങ്കിലും ടെസ്റ്റിൽ തോറ്റാൽ ചെലവ് വീണ്ടും കൂടും.
ഇത്രയും കഠിനമായ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നവർക്കു മാത്രമേ ദുബായിലെ ഹൈവേകളിലെ ട്രാഫിക്കിൽ കൃത്യമായി വാഹനം ചലിപ്പിക്കാൻ കഴിയു. ലൈസൻസ് കിട്ടി എന്ന ഒറ്റ കാരണത്താൽ, വണ്ടിയുമെടുത്തിറങ്ങി നാട്ടിൽ മുഴുവൻ ബ്ലോക്കുണ്ടാക്കുന്ന പരിപാടി ഈ രാജ്യത്ത് നടക്കില്ല. ഇവിടെ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടിയ ആൾ കൃത്യമായി വണ്ടിയോടിക്കാൻ അറിയാവുന്ന ആളായിരിക്കുമെന്ന് ഉറപ്പ്. നിയമങ്ങളും ഇവർ കൃത്യമായി പാലിച്ചിരിക്കും. വണ്ടിയുമായി റോഡിലിറങ്ങി കസർത്തു കാട്ടാനോ നാട്ടുകാരോടുള്ള ദേഷ്യം തീർക്കാനോ, ഞാൻ പോയിട്ടു മറ്റുള്ളവൻ പോയാൽ മതിയെന്നു പറയാനോ, നിങ്ങളുടെ അച്ഛന്റെ വകയാണോ റോഡെന്നു ചോദിക്കാനോ, സീബ്രാ ലൈനിൽ വണ്ടി പാർക്ക് ചെയ്യാനോ ഒന്നും ആരും മുതിരില്ല. അങ്ങനെ സംഭവിച്ചാൽ നഗരത്തിലെ ഗതാഗതം ആകെ താറുമാറാകുമെന്നു മാത്രമല്ല, ഡ്രൈവർ പിഴയടച്ചു പാപ്പരാവുകയും ചെയ്യും. ഇങ്ങനൊരു സംവിധാനം അതിന്റെ പൂർണതയിൽ കേരളത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിക്കെ. വിജയൻ ദാസനോടു പറഞ്ഞ പോലെ എന്തു മനോഹരമായ നടക്കാത്ത സ്വപ്നം എന്നു പറയേണ്ടി വരുമോ? നടക്കില്ലെന്നു പറയരുത്, ഈ നാട്ടിൽ നിയമങ്ങൾ പാലിച്ചു കൃത്യമായി വാഹനം ഓടിക്കുന്നവരിൽ നമ്പർ വൺ നമ്മുടെ മലയാളികൾ തന്നെയാണ്. അപ്പോൾ പിന്നെ, കേരളത്തിൽ ഇതു നടപ്പാക്കിയാൽ എന്താ?