ഡെന്മാർക്കിൽ നിന്ന് 1,000 പശുക്കൾ: ഗുണമേന്മയേറിയ പാൽ; മലീഹ ഫാം ഉദ്ഘാടനം ചെയ്തു
Mail This Article
ഷാർജ∙ ശുദ്ധവും മായം കലരാത്തതുമായ പാൽ ഉറപ്പാക്കി മലീഹ ഡയറി ഫാം ഒരുങ്ങി. ഫാമിന്‍റെ ആദ്യ ഘട്ടം യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. മലീഹയിലെ കൂറ്റൻ ഗോതമ്പ് ഫാമിന് സമീപം സ്ഥിതി ചെയ്യുന്ന പശു, കോഴി വളർത്തൽ പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഡയറി ഫാം. താമസക്കാർക്ക് ഉയർന്ന നിലവാരമുള്ള പാൽ ഉടൻ ലഭ്യമാക്കുകയാണ് ഫാമിന്‍റെ പ്രധാനലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ഡെൻമാർക്കിൽ നിന്ന് ഇറക്കുമതി ചെയ്ത 1,000 പശുക്കളിൽ നിന്നുള്ള പാൽ ഈ ജൂണിൽ ഉത്പാദനം ആരംഭിക്കും. അവയിൽ ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്ന എ2എ2 പോഷകങ്ങളും 18 തനതായ ഘടകങ്ങളും ഉണ്ട്. ദഹനം എളുപ്പമാക്കൽ, കൊഴുപ്പിന്‍റെ അളവ് കുറയ്ക്കൽ, ശരീരഭാരം കുറയ്ക്കൽ, ചർമ സംരക്ഷണം എന്നിവയ്ക്കെല്ലാം സഹായമാകും. കൂടാതെ കൂടുതൽ കാൽസ്യം, വിറ്റാമിനുകൾ, പോഷകങ്ങൾ അടങ്ങിയതുമാണ്. പ്രതിരോധശേഷി ശക്തിപ്പെടുത്തൽ, പ്രമേഹ സാധ്യത കുറയ്ക്കൽ, അസ്ഥികളുടെ ബലം എന്നിവയ്ക്കും സഹായിക്കുന്നു. മാനസികാവസ്ഥയും ഉറക്കഗുണവും മെച്ചപ്പെടുത്തുക, ഊർജം വർധിപ്പിക്കുക, ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുക എന്നിവയും ഗുണങ്ങളാണ്.
ഉപഭോക്താക്കൾക്കും പാലിൽ നിന്ന് വെണ്ണ പുറത്തെടുക്കാൻ കഴിയും. പശുവിൽ നിന്ന് ഉപഭോക്താക്കൾക്ക് നേരിട്ട് പാൽ ലഭിക്കുന്നത് പോലെയാണിതെന്നാണ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അഭിപ്രായപ്പെട്ടത്. സമൂഹത്തിന് ആരോഗ്യകരമായ പാൽ നൽകുക എന്ന ഭരണാധികാരികളുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും ഷാർജയുടെ ക്ഷീര വ്യവസായ മേഖലയ്ക്ക് ഇതൊരു മുതൽക്കൂട്ടാകുമെന്നും അധികൃതർ പറഞ്ഞു.