ADVERTISEMENT

ദുബായ് ∙ മെയ്ദാന്‍ നാദ് അല്‍ ഷെബയിലെ റെഹബോത്തെന്ന  വീട്ടിലേക്കെത്തുമ്പോള്‍ മനസ്സിലേക്കൊരു തണല്‍ വരും. തണുപ്പും. 50 ഡിഗ്രി സെല്‍ഷ്യസിനപ്പുറം താപനില ഉയരുന്ന ദുബായ് നഗരത്തില്‍ ചുറ്റിലും പച്ചപ്പ് നിറച്ച്  ഷെറിന്‍റെ ‘റെഹബോത്ത്’ നില്‍ക്കുന്നത് കാണാം. ഇചിന് പിന്നില്‍ ചെടികളെ ഏറെ ഇഷ്ടപ്പെടുന്ന ഷെറിന്‍റെ സൂക്ഷ്മതയോടെയുളള പരിചരണമുണ്ട്. ഒപ്പം, ആത്മാർത്ഥമായുളള കഠിനാധ്വാനവും. 

success-story-pravasi-malayali-sherin-owner-of-rehoboth-telling-her-successful-journey-with-roses-uae
ഷെറിൻ പൂന്തോട്ടത്തിൽ

∙ ചിത്രശലഭത്തിനായ് ഒരുക്കിയ പൂന്തോട്ടം ജീവിതത്തിന്റെ ഭാഗമായപ്പോൾ 
21 വർഷം മുന്‍പാണ് ഷെറിന്‍, ഭർത്താവ് തോമസിനൊപ്പം യുഎഇയിലെത്തുന്നത്. മകന്‍ തോംസണ്‍ കുഞ്ഞായിരുന്നപ്പോള്‍ ചിത്രശലഭം വീട്ടിലേക്ക് വരുന്നതിനായി ചെടി നടണമെന്ന് ആവശ്യപ്പെട്ടതാണ് പൂന്തോട്ടമുണ്ടാക്കാന്‍ പ്രചോദനമായത്. അന്ന് അതിന് പരിമിതികളുണ്ടായിരുന്നു. പിന്നീട് പൂന്തോട്ടമുണ്ടാക്കാനുള്‍പ്പടെ സൗകര്യമുളള റാഷിദിയയിലേക്ക് മാറിയതോടെയാണ് സജീവമായി പൂന്തോട്ട പരിപാലത്തിലേക്ക് കടന്നത്. 14 വർഷത്തോളം അവിടെ താമസിച്ച് ഇപ്പോള്‍ താമസിക്കുന്ന മെയ്ദാനിലെ സ്വന്തം വീട്ടിലെത്തിയെങ്കിലും മാവും പ്ലാവും ഉള്‍പ്പടെയുളള പലതും റഷീദിയയില്‍ നിന്ന് ഇവിടേയ്ക്ക് പറിച്ചുനട്ടതാണെന്ന് ഷെറിന്‍ പറയുന്നു. 

success-story-pravasi-malayali-sherin-owner-of-rehoboth-telling-her-successful-journey-with-roses-uae
ഷെറിന്‍ വരച്ച ചിത്രങ്ങൾ

∙ 42 ഇനം റോസാപുഷ്പങ്ങളുടെ ഉദ്യാനപാലക
റോസില്‍ മാത്രം 42 ഇനങ്ങള്‍ ഷെറിന്‍റെ തോട്ടത്തിലുണ്ട്. 14 ഇനം ചെമ്പരത്തിയും മൂന്ന് തരം മുല്ലയും മറ്റ് സസ്യലതാദികളും കൂടാതെ  തെങ്ങ്, മാവ്, പ്ലാവ്, ഞാവല്‍, കശുവണ്ടി, നാരകം, ഉള്‍പ്പടെയുളള മരങ്ങളുമുണ്ട്. പിതാവ് ജോർജിന് കൃഷിയില്‍ താല്‍പര്യമുണ്ടായിരുന്നു. എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന ജോർജ് വിവിധ ഇടങ്ങളില്‍ താമസിക്കുമ്പോഴെല്ലാം വീട്ടില്‍ ചെറിയ പൂന്തോട്ടമെങ്കിലും ഒരുക്കാറുണ്ടായിരുന്നു. ആ താല്‍പര്യമാണ് തനിക്കും കിട്ടിയതെന്ന് ഷെറിന്‍ പറയുന്നു. 

success-story-pravasi-malayali-sherin-owner-of-rehoboth-telling-her-successful-journey-with-roses-uae
ഷെറിന്‍ തൻറെ വീടിന് മുൻപിൽ ഒരുക്കിയ പൂന്തോട്ടം

∙ 'ചെടിയൊരുക്കം' ഇങ്ങനെ
ദുബായിലെ വർസാനില്‍ നിന്നാണ് ചെടിയൊരുക്കാനുളള മണ്ണും വളവുമെല്ലാം ശേഖരിക്കുന്നത്. എന്നാല്‍ റോസിന് ഷെറിന്‍റെ സ്വന്തം പൊടിക്കൈ വളമാണ് ഉപയോഗിക്കുന്നത്. കഞ്ഞിവെള്ളം, തേയില വെള്ളം, സവാള -വെളുത്തുളളി തൊലി, പഴത്തൊലി എന്നിവയെല്ലാം എടുത്തുവച്ച് വളമായി നല്‍കുന്നു. അതുകൊണ്ടാണ് തന്‍റെ റോസ് ചെടികളെല്ലാം എപ്പോഴും പൂവിട്ടുനില്‍ക്കുന്നതെന്ന് അഭിമാനത്തോടെ ഷെറിന്‍ പറയുന്നു. ചെടികള്‍ നട്ടാല്‍ മാത്രം കാര്യമില്ല, സ്വന്തം കുഞ്ഞുങ്ങളെപ്പോലെ നോക്കി പരിചരിച്ചാല്‍ മാത്രമെ അഴകോടെയും ആരോഗ്യത്തോടെയും അവ വളരൂ. ചെടികളുടെ പരിചരണത്തിനായി സഹായിയുണ്ട്. എങ്കിലും എല്ലാം തനിയെ ചെയ്യുന്നതാണ് ഷെറിന്‍റെ ഇഷ്ടം. 

success-story-pravasi-malayali-sherin-owner-of-rehoboth-telling-her-successful-journey-with-roses-uae

∙ മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതി; പുതിജീവിതത്തിലേയ്ക്ക്
20 വർഷം മുന്‍പ് സെക്കന്തരാബാദില്‍ വച്ച് ഷെറിന് മയോകാർഡൈറ്റിസ് ബാധിച്ചു. ആശുപത്രിയില്‍ തെറ്റായ ചികിത്സ നല്‍കിയതോടെ ഹൃദയാഘാതമുണ്ടായി. മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതി. വെന്‍റിലേറ്ററില്‍ നിന്നുമാറ്റി. അന്ന് ഭർത്താവ് തോമസ് ദുബായിലാണ്. മോർച്ചറിയിലേക്ക്  നീക്കുന്നതിനിടെ ഒരു മലയാളി നഴ്സാണ് ഷെറിന്‍റെ ശരീരത്തില്‍ ജീവിതത്തിന്‍റെ ചലനങ്ങള്‍ ശ്രദ്ധിക്കുന്നത്. പിന്നീട് അത്ഭുതകരമായി ഷെറിന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ദൈവത്തിന്‍റെ അനുഗ്രഹമാണ് ജീവിതത്തിലേക്ക് തന്നെ തിരിച്ചെത്തിച്ചതെന്ന് ഷെറിന്‍ ഉറച്ചുവിശ്വസിക്കുന്നു. 

success-story-pravasi-malayali-sherin-owner-of-rehoboth-telling-her-successful-journey-with-roses-uae
ഷെറിൻറെ വീട്ടിലെ മറ്റ് കൃഷി ഇനങ്ങൾ.

∙ വീടിനകത്തളവും മനോഹരം
പൂന്തോട്ടമാണ് റെഹബോത്തിന്‍റെ പുറം ഭാഗത്തെ അലങ്കരിക്കുന്നതെങ്കില്‍ വീടിനുളളില്‍ അലങ്കാരമായി ഷെറിന്‍ വരച്ച ചിത്രങ്ങളുണ്ട്. ചിത്രകല പഠിച്ചിട്ടില്ല. എങ്കിലും വരയ്ക്കാന്‍ ഇഷ്ടമാണ്. വലിയ ക്യാന്‍വാസില്‍ വീടിന്‍റെ വിവിധ ഭാഗങ്ങളിലെ ചുമരുകളില്‍ ഷെറിന്‍റെ ചിത്രങ്ങള്‍ കാണാം.  വീടിനകം ഡിസൈന്‍ ചെയ്തതും ഷെറിന്‍ തന്നെ. 

success-story-pravasi-malayali-sherin-owner-of-rehoboth-telling-her-successful-journey-with-roses-uae
success-story-pravasi-malayali-sherin-owner-of-rehoboth-telling-her-successful-journey-with-roses-uae
ഷെറിൻറെ വീട്ടിലെ മറ്റ് കൃഷി ഇനങ്ങൾ.

പഠിക്കാനുളള ഇഷ്ടം കൊണ്ട് അഞ്ച് മാസ്റ്റർ ബിരുദമുണ്ട് ഷെറിന്. ഹിന്ദിയിലും സൈക്കോളജിയിലും മാസ്റ്റർ ബിരുദം, എംഎഡ്,എംബിഎ, പിന്നെ മാസ്റ്റേഴ്സ് ഇന്‍ ഡിവിനിറ്റിയും. ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയുമുള്‍പ്പടെ നൃത്തത്തിലും പ്രാവീണ്യമുണ്ട്. ദുബായില്‍ വിവിധ സംഘടനങ്ങളുടെ ഭാഗമായുളള നൃത്ത പരിപാടികളില്‍ ഷെറിനും മക്കളായ സമാന്തയും സ്റ്റെഫാനയും തോംസണും ഒരുമിച്ച് നൃത്തം അവതരപ്പിക്കാറുണ്ട്. 

യുഎഇയിലെത്തി ജീവിതം കരുപിടിപ്പിച്ചവരൊന്നും ഇവിടെ നിന്നും തിരിച്ചുപോകാന്‍ ആഗ്രഹിക്കാറില്ല, അത് ഈ നാടിന്‍റെ പ്രത്യേകതയാണ്. ഷെറിനും വ്യത്യസ്തയല്ല. ചുറ്റിലും പച്ചപ്പ് നിറച്ച് റെഹബോത്തിങ്ങനെ നില്‍ക്കുമ്പോള്‍ ഷെറിന്റെ ഓർമ്മയിലെത്തുന്നത് ഈ ബൈബിള്‍ വചനം മാത്രം – 'യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി, നാം ദേശത്ത് വർദ്ധിക്കുമെന്നു പറഞ്ഞു അവൻ അതിനു റെഹോബോത്ത് എന്നു പേരിട്ടു'

English Summary:

Success Story: Pravasi Malayali Sherin, Owner of Rehoboth, Telling her Successful Journey with Roses, UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com