ADVERTISEMENT

ദോഹ ∙ വിദ്യാർഥികളുടെ സ്‌കൂള്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഖത്തറിന്റെ പ്രഥമ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി.

 ദോഹയില്‍ ആരംഭിച്ച ഓട്ടണോമസ് ഇ-മൊബിലിറ്റി ഫോറത്തില്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയും വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിന്‍ത് അലി അല്‍ ജാബര്‍ അല്‍ നുഐമിയും ചേര്‍ന്നാണ് സ്‌കൂള്‍ വിദ്യാർഥികള്‍ക്കായുള്ള രാജ്യത്തിന്റെ ആദ്യ ഇലക്ട്രിക് ബസുകള്‍ ഉദ്ഘാടനം ചെയ്തത്. 

 ഉന്നത സുരക്ഷാ മാനദണ്ഡങ്ങളോടു കൂടിയ സുരക്ഷാ സവിശേഷതകളാണ് ഇലക്ട്രിക് സ്‌കൂള്‍ ബസുകളിലുള്ളത്. അത്യാധുനിക സാങ്കേതിക വിദ്യകളിലാണ് പ്രവര്‍ത്തനം. ഒരു വിദ്യാർഥിയെ പോലും ബസിനുള്ളില്‍ തനിച്ചാക്കി ഡ്രൈവര്‍ പുറത്തു പോകില്ലെന്നതാണ് പ്രധാന സുരക്ഷാ സവിശേഷതകളിലൊന്ന്. ബസിനകത്തും പുറത്തും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷിതമായ ഇരിപ്പിട ക്രമീകരണങ്ങള്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവയ്ക്ക് പുറമെ ഡ്രൈവര്‍ക്കും വിദ്യാർഥികള്‍ക്കും കൃത്യതയോടു കൂടിയ കാഴ്ചയും ഉറപ്പാക്കുന്നുണ്ട്. 

  എല്ലാ ഇലക്ട്രിക് ബസുകളിലും ഓട്ടമാറ്റിക് ഫയര്‍ഫൈറ്റിങ് സംവിധാനം, ശീതീകരണ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റുകള്‍, എന്‍ജിന്‍ സെന്‍സര്‍ സംവിധാനം, എക്‌സ്‌റ്റേണല്‍ സെന്‍സറുകള്‍, ജിപിഎസ്, ബസിന്റെ വാതിലുകളില്‍ സെന്‍സര്‍ സംവിധാനങ്ങളോടു കൂടിയ സുരക്ഷാ ലോക്ക്, ഡ്രൈവറെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാമാണുള്ളത്. ഇലക്ട്രിക് ബസ് യാത്രയെക്കുറിച്ച് വിദ്യാർഥികളില്‍ അവബോധം സൃഷ്ടിക്കാനായി സംഘടിപ്പിക്കുന്ന ക്യാംപെയ്‌ന്റെ ഭാഗമായി ഈ അധ്യയന വര്‍ഷത്തില്‍ തന്നെ പൊതുഗതാഗത കമ്പനിയായ മൗസലാത്ത് ഇ-ബസുകളുടെ പരീക്ഷണ ഓട്ടം നടത്തും. 

  വരും തലമുറയ്ക്കായി സുസ്ഥിര, പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം ലക്ഷ്യമിട്ട്  2030നകം സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ മുഴുവന്‍ പൊതു ബസുകളും  ഇലക്ട്രിക് ബസുകളാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമാണിത്. ഈ വര്‍ഷം ആദ്യ പാദം അവസാനിച്ചപ്പോള്‍ ഖത്തറിലെ പൊതു ബസുകളില്‍ 73 ശതമാനവും ഇലക്ട്രിക് ബസുകളാക്കി മാറ്റിയതായും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. 2030നകം 100 ശതമാനം പൊതുഗതാഗത ബസുകളും വൈദ്യുതവല്‍ക്കരിക്കുന്നതോടെ ഗതാഗത മേഖലയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കുന്ന ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍ ഖത്തറും എത്തും. രാജ്യത്തിന്റെ ദേശീയ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന നയങ്ങള്‍ പ്രകാരമാണ് പരിസ്ഥിതി സൗഹൃദ ഗതാഗതമെന്ന ലക്ഷ്യത്തിലേക്ക് ഖത്തര്‍ നീങ്ങുന്നത്. 

English Summary:

Electric school buses launched in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com