യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്ധനയുമായ് ഹമദ് രാജ്യാന്തര വിമാനത്താവളം
Mail This Article
ദോഹ ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വര്‍ഷാദ്യ പാദത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ജനുവരി മുതല്‍ മാര്‍ച്ച് വരെ കടന്നു പോയത് 1,31,71,540 യാത്രക്കാര്‍. 2023 ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 27.6 ശതമാനമാണ് വര്‍ധന. ജനുവരിയില്‍ 45,33,212, ഫെബ്രുവരിയില്‍ 43,68,710, മാര്‍ച്ചില്‍ 42,69,618 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം.
വിമാനങ്ങളുടെ വരവുപോക്കിലും 23.9 ശതമാനമാണ് വര്‍ധന. ജനുവരി മുതല്‍ മാര്‍ച്ച് വരെ 69,959 വിമാനങ്ങളാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നുപോയത്. ജനുവരിയില്‍ 23,996, ഫെബ്രുവരിയില്‍ 22,736, മാര്‍ച്ചില്‍ 23,227 എന്നിങ്ങനെയാണ് വിമാനങ്ങളുടെ കണക്ക്. ആദ്യ പാദത്തില്‍ 6,26,338 ടണ്‍ കാര്‍ഗോയും 10,457,444 ബാഗുകളുമാണ് വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തത്. കാര്‍ഗോയുടെ കാര്യത്തില്‍ 15.4 ശതമാനമാണ് മുന്‍ വര്‍ഷം ആദ്യ പാദത്തേക്കാള്‍ വര്‍ധന.
വ്യോമ മേഖലയിലെ പ്രശസ്തമായ സ്‌കൈട്രാക്‌സിന്റെ ലോക വിമാനത്താവള പുരസ്‌കാരങ്ങളില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് ഖത്തറിന്റെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിനാണ് ലഭിച്ചത്. ഏറ്റവും മികച്ച എയര്‍പോര്‍ട് ഷോപ്പിങ് പുരസ്‌കാരവും ഹമദിനാണ്. മധ്യ പൂര്‍വ ദേശത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരവും തുടര്‍ച്ചയായ പത്താം തവണയും ഹമദിന് തന്നെയാണ്. ആഗോള തലത്തില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിക്കുന്നത്. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നൂതന സാങ്കേതിക സംവിധാനങ്ങളുടെയും ഗുണനിലവാരത്തിന്റെയും മികവിന്റെയും കാര്യത്തില്‍ മുന്‍നിരയിലാണെന്നതാണ് ആഗോള തലത്തിലുള്ള യാത്രക്കാരുടെ ഇഷ്ട വിമാനത്താവളമായി ഹമദ് മാറിയത്. നിലവില്‍ 188 നഗരങ്ങളിലേക്കാണ് ഹമദ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍. 48 മുന്‍നിര വിമാനകമ്പനികളാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്.