40 ദിവസം, കുടുങ്ങിയത് 251 കമ്പനികൾ: സ്വദേശികളെ നിയമിച്ചതിന്റെ പേരിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ വ്യാജരേഖകൾ
Mail This Article
ദുബായ് ∙ സ്വദേശികളെ നിയമിച്ചതായി വ്യാജവിവരം നൽകിയ 251 കമ്പനികൾക്കെതിരെ മാനവ വിഭവശേഷി മന്ത്രാലയം നടപടിയെടുത്തു. മാർച്ച് 14 മുതൽ ഏപ്രിൽ 24 വരെ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. അതേസമയം, 2022 അർധപാദം മുതൽ 2024 ഏപ്രിൽ വരെ 1,320 സ്ഥാപനങ്ങൾ വ്യാജരേഖയുണ്ടാക്കിയെന്ന് അധികൃതർ അറിയിച്ചു. 2,096 സ്വദേശികൾക്ക് നിയമനം നൽകിയെന്ന അവകാശപ്പെട്ട കമ്പനികൾ ആ പേരിൽ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
സ്വദേശിവൽക്കരണം ത്വരിതപ്പെടുത്താൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ 2 വർഷത്തിനിടെ 3,416 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ നിയമലംഘന കേസിനും 20,000 ദിർഹമാണ് ആദ്യഘട്ടത്തിൽ പിഴ ചുമത്തുക. കൂടുതൽ സ്വദേശികളെ നിയമിച്ചതായാണ് വ്യാജരേഖകളെങ്കിൽ പിഴ സംഖ്യയും കൂടും. വീണ്ടും വ്യാജ രേഖയുണ്ടാക്കിയതായി വ്യക്തമായാൽ അരലക്ഷം ദിർഹമാണ് പിഴ. ഒന്നിലധികം ആളുകളുടെ പേരിലാണ് രേഖകളെങ്കിൽ ഓരോരുത്തർക്കും 50,000 ദിർഹം വീതം പിഴ അടയ്ക്കേണ്ടി വരും.
മൂന്നാംഘട്ടത്തിലും പിടിവീണാൽ ഒരു ലക്ഷം ദിർഹമായി പിഴ ഉയരും. ഇതിനു പുറമേ കമ്പനിയുടെ തൊഴിൽ കരാറുകൾ റദ്ദാക്കും. വ്യാജനിയമനത്തിന്റെ മറവിൽ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്യും. അതേസമയം, സ്വകാര്യമേഖലയിലെ ജോലിയോട് സ്വദേശികൾക്ക് താൽപര്യം വർധിച്ചതായി മന്ത്രാലയത്തിന്റെ പഠനറിപ്പോർട്ടിലുണ്ട്. നിലവിൽ 20,000ലേറെ കമ്പനികളിലായി വനിതകളടക്കം 96,000 സ്വദേശികളാണ് ജോലി ചെയ്യുന്നത്.
സ്വദേശിവൽക്കരണത്തിനായി കമ്പനികൾക്ക് നൽകിയ പ്രതിവർഷ ക്വോട്ട സമയബന്ധിതമായി പൂർത്തിയാക്കാൻ തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വദേശിനിയമനം വേഗത്തിലും കൃത്യമായും നടപ്പാക്കാൻ രൂപീകരിച്ച ‘നാഫിസ്’ കൗൺസിൽ ലക്ഷ്യം കൈവരിക്കുന്നതായാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.