ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിലേക്ക് നോട്ടം വേണ്ട; അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടായാൽ കടുത്ത ശിക്ഷ
Mail This Article
അബുദാബി ∙ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗമാണ് അപകട കാരണങ്ങളിലെ പ്രധാന കാരണമെന്ന് അബുദാബി പൊലീസ്. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാത്തതാണ് രണ്ടാമത്തെ കാരണം. അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പു നൽകി. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു മൂലമുണ്ടായ അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് പൊലീസ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്.
വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ചാറ്റ് ചെയ്യുക, ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുക, സമൂഹമാധ്യമ പേജുകളിൽ വ്യാപൃതരാകുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. നിയമലംഘകരെ പിടികൂടാൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് പുറപ്പെടുന്നതിന് മുൻപ് വാഹനത്തിന്റെ ബ്രേക്ക്, എൻജിൻ, ടയർ, മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം പരിശോധിച്ച് ഉറപ്പാക്കണം.
സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തണം. ടയറിൽ മതിയായ അളവിൽ വായു ഉണ്ടെന്നും ടയർ കാലഹണപ്പെട്ടതല്ലെന്നും ഉറപ്പാക്കണം. പതിനെട്ടിനും മുപ്പതിനും മധ്യേ പ്രായമുള്ളവരാണ് വാഹനമോടിക്കുമ്പോൾ മൊബൈൽ കൂടുതൽ ഉപയോഗിക്കുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇത്തരക്കാർ വാഹനമോടിക്കുമ്പോൾ ചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക പതിവാണ്.
അത്യാവശ്യ ഘട്ടങ്ങളിൽ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാം. മൊബൈൽ ഫോൺ നിയമലംഘനങ്ങളിൽ 12 ശതമാനം യുവാക്കളാണ്. നിയമലംഘകരെ പിടികൂടാൻ തലസ്ഥാന നഗരിയിൽ നിരീക്ഷണം ശക്തമാക്കി.
നിയമലംഘനങ്ങളും ശിക്ഷയും
∙ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ശിക്ഷ 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്
∙ ലഹരി മരുന്നും മദ്യവും ഉപയോഗിച്ചാൽ കോടതിവിധി അനുസരിച്ച് 20,000 ദിർഹം വരെ പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ.
∙ 60 ദിവസത്തേക്ക് വാഹനം കണ്ടും. ഒരു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കിയേക്കും.
∙ വേഗപരിധി മറികടന്നാൽ 3,000 ദിർഹം പിഴ. 23 ബ്ലാക്ക് പോയിന്റ്. വാഹനം 60 ദിവസത്തേക്കു കണ്ടുകെട്ടും.സീറ്റ് ബെൽറ്റ് നിർബന്ധം.
∙ അശ്രദ്ധമായ ഡ്രൈവിങ്ങിന് 2,000 ദിർഹം വരെ പിഴ. 23 ബ്ലാക്ക് പോയിന്റ്. 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.
∙ വാഹനമോടിക്കുമ്പോൾ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹം പിഴ. 4 ബ്ലാക്ക് പോയിന്റ്.
∙ വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കരുത്.
∙ ലെയ്ൻ അച്ചടക്കം പാലിക്കുക. അനാവശ്യമായും മുന്നറിയിപ്പില്ലാതെയും (സിഗ്നൽ) ലെയ്ൻ മാറ്റുന്നവർക്ക് 400 ദിർഹം പിഴ. 2 ബ്ലാക്ക് പോയിന്റ്.
∙ അതിവേഗ പാതയിൽ വേഗം കുറച്ച് വാഹനമോടിച്ചാൽ 400 ദിർഹം പിഴ.
∙ റെഡ് സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴ. 12 ബ്ലാക്ക് പോയിന്റ്.
∙ ഉച്ചത്തിൽ പാട്ട് വയ്ക്കരുത്. അത്യാഹിത വാഹനം വരുന്നത് അറിയാതെ പോകും.