മഴ: തെന്നിനീങ്ങാതെ വേഗപരിധി നോക്കി വാഹനമോടിക്കാം
Mail This Article
അബുദാബി ∙ മഴയത്ത് വാഹനം തെന്നിനീങ്ങാൻ സാധ്യതയുള്ളതിനാൽ വേഗം കുറച്ചും ഗതാഗത നിയമം പാലിച്ചും വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ്. ഇന്നും നാളെയും മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
മഴയുള്ളപ്പോൾ ദൃശ്യപരിധി കുറയുന്നതിനാൽ റോഡിലെ ഡിജിറ്റൽ ബോർഡിൽ തെളിയുന്ന വേഗത്തിൽ വേണം വാഹനമോടിക്കാൻ. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുക, ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ ഒഴികെ ഹസാഡ് ലൈറ്റ് ഇടാതിരിക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.
മഴ, മൂടൽ മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ കാലാവസ്ഥാ മാറ്റത്തിൽ മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് എസ്എംഎസ് സന്ദേശം അയയ്ക്കും. റോഡിലുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിലും സമൂഹമാധ്യമങ്ങളിലും മുന്നറിയിപ്പു നൽകും.
മഴക്കാലത്തെ ഡ്രൈവിങ്
∙ മഴയുള്ളപ്പോൾ വേഗം കുറച്ച് വാഹനം ഓടിക്കുക. അസ്ഥിര കാലാവസ്ഥയിൽ അബുദാബിയിൽ വേഗപരിധി 80 കി.മീ ആയി കുറയും.
∙ മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക.
∙ ലോ ബീം ലൈറ്റ് മാത്രം ഉപയോഗിക്കുക.
∙ ഓവർടേക്കിങ്, ലെയ്ൻ മാറ്റം എന്നിവ പാടില്ല.
∙ വാഹനങ്ങളുടെ ഗ്ലാസുകൾ തുടച്ചു വൃത്തിയാക്കണം
∙ തൊട്ടടുത്ത വാഹനം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാൽ സുരക്ഷിത അകലത്തേക്ക് മാറ്റി നിർത്തി ഹസാഡ് ലൈറ്റ് ഇടാം