ഹജ് തീർഥാടകരെ തിരിച്ചറിയാൻ കഴിയുന്ന നുസ്ക് കാർഡ് പുറത്തിറക്കി
Mail This Article
ജിദ്ദ ∙ ഹജ് തീർഥാടകരെ തിരിച്ചറിയുന്ന പുതിയ നുസ്ക് കാർഡ് പുറത്തിറക്കി ഹജ് ഉംറ മന്ത്രാലയം. പെർമിറ്റ് ലഭിച്ച തീർഥാടകരെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക കാർഡ് ആണിത്. മക്കയും മദീനയടക്കമുള്ള പുണ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും സന്ദർശനത്തിനും എത്തിചേരുന്ന എല്ലാ തീർഥാടകരും നിർബന്ധമായും ഇത് ഒപ്പം കരുതേണ്ടതാണ്. ഹജ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് തീർഥാടകരുടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയ നുസ്ക് കാർഡ് പുറത്തിറക്കിയിരിക്കുന്നത്.
വീസ അനുവദിച്ചതിനു ശേഷം ഹജ് ഓഫിസുകൾ മുഖാന്തിരമാണ് വിദേശ തീർഥാടകർക്ക് കാർഡ് നൽകുന്നത്. സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് ഹജ് പെർമിറ്റ് കിട്ടികഴിഞ്ഞ് സേവന കമ്പനികൾ വഴിയാണ് ലഭിക്കുക. നുസ്ക് കാർഡ് ഹജ്ജ് തീർഥാടകർക്ക് നിർബന്ധമാക്കിയതോടെ അനുമതിയില്ലാതെ എത്തുന്നവർക്ക് പുണ്യകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സം നേരിടും.