സ്യൂട്ട്കെയ്സിൽ നിന്ന് കണ്ടെത്തിയ ‘കാൽ’; ഒളിവിൽ പോയ പ്രതിയെ പിടികൂടിയത് ജെബൽ അലിയിൽ നിന്ന്, ഒടുവിൽ ശിക്ഷ
Mail This Article
ദുബായ്∙ തർക്കത്തെ തുടർന്ന് കാമുകിയെ അപാർട്ട്‌മെന്‍റിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ ഏഷ്യക്കാരന് ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവസാനം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. അപ്പീൽ കോടതി ഈ വിധി ശരിവച്ചു. കാമുകിയെ കൊലപ്പെടുത്തിയ ശേഷം, പ്രതി മൃതദേഹം ഒരു വലിയ സ്യൂട്കെയ്സിനുള്ളിൽ ഒളിപ്പിച്ച് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒരു ദിവസം സൂക്ഷിച്ചു. പിറ്റേന്ന്, അത് കെട്ടിടത്തിനായുള്ള മാലിന്യപ്പെട്ടിയിൽ (വലിയ വേസ്റ്റ് ബിന്‍) ഉപേക്ഷിച്ചു.
∙ സ്യൂട്ട്കെയ്സിൽ നിന്ന് പുറത്തേയ്ക്ക് വന്നത് സ്ത്രീയുടെ കാൽ!
ദുബായ് ഇന്‍റർനാഷണൽ സിറ്റിയിൽ 2022 ജനുവരിയിലാണ് കൃത്യം നടന്നത്. സ്യൂട്ട്കേസ് കണ്ടെത്തിയ സുരക്ഷാ ജീവനക്കാരൻ അതിനകത്ത് നിന്ന് സ്ത്രീയുടെ കാൽ പുറത്തേക്ക് വന്നതായും കണ്ടു. ആദ്യം ഇത് പാവയായിരിക്കുമെന്ന് കരുതിയെങ്കിലും സ്യൂട്കെയ്സ് തുറന്നുനോക്കിയപ്പോൾ യുവതിയുടെ മൃതദേഹമാണെന്ന് വ്യക്തമായി. ഇതോടെ ഇയാൾ വിവരം പൊലീസിനെ അറിയിച്ചു. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട യുവതിയെ പ്രതിയോടൊപ്പം കണ്ടതായി പൊലീസിന് മൊഴി നൽകിയതോടെയാണ് കേസിയിൽ വഴിത്തിരിവ് ഉണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ അപ്പാർട്ട്‌മെന്‍റിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. എന്നാൽ പൊലീസ് എത്തുന്നതിന് മുൻപ് പ്രതി രക്ഷപ്പെട്ടിരുന്നു. തിരച്ചിൽ വാറണ്ട് പുറപ്പെടുവിച്ച പൊലീസ് ജെബൽ അലി പ്രദേശത്തെ ഒരു ഹോട്ടലിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട യുവതിയും താനും സുഹൃത്തുക്കളായിരുന്നുവെന്നും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നും പ്രതി മൊഴി നൽകി. ഒരു നിശാക്ലബ്ബിൽ വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ഇവർ ഒരുമിച്ച് താമസിക്കുകയും വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്നു. എന്നാൽ കുറ്റകൃത്യം നടന്ന ദിവസം ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്നും ഇതിനിടെയാണ് കൊലപാതകം നടന്നതെന്നും പ്രതി സമ്മതിച്ചു.
∙ സംഭവദിവസം രാത്രി നടന്നത്
ഫ്ലാറ്റിൽ വച്ച് പ്രതിയും കാമുകിയും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ യുവതി ഫ്ലാറ്റ് വിട്ട് പോകാൻ ശ്രമിച്ചെങ്കിലും പ്രതി തടഞ്ഞു. ഇതാണ് വലിയ അടിപിടിയിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലിൽ, കഴുത്ത് ഞെരിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം ഒരു സ്യൂട്ട്കെയ്സിൽ ഒളിപ്പിച്ച് മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചു. മാത്രമല്ല, യുവതിയുടെ ഫോണും മൊബൈൽ മറ്റ് സാധനങ്ങളും സ്ഥലത്ത് അവിടെ ഉപേക്ഷിച്ചു. ഈ കൊലപാതകത്തിൽ പ്രതിയെ മൂന്ന് സുഹൃത്തുക്കൾ സഹായിച്ചതായി പൊലീസ് കണ്ടെത്തി.