ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് ഇനി പുതിയ വ്യവസ്ഥകള്‍
Mail This Article
ദോഹ ∙ ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകളും നിബന്ധനകളും ഏര്‍പ്പെടുത്തി. പഴയ പെര്‍മിറ്റുകള്‍ക്ക് കാലാവധി തീയതി അവസാനിക്കുന്നതു വരെ നിയമസാധുത ഉണ്ടായിരിക്കുമെന്നും അധികൃതര്‍. നൂതന സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആഭ്യന്തര മന്ത്രാലയമാണ് ഡിസെബിലിറ്റി പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ ചട്ടം ഏര്‍പ്പെടുത്തിയത്. അംഗപരിമിതര്‍ക്കുള്ള പാര്‍ക്കിങ് ഇടങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.
പുതിയ വ്യവസ്ഥകളും നിബന്ധനകളും
∙ വാഹനങ്ങളുടെ മുന്‍വശത്തെ വിന്‍ഡ് ഷീല്‍ഡില്‍ ഡിസെബിലിറ്റി പാര്‍ക്കിങ് പെര്‍മിറ്റ് വ്യക്തമായും കൃത്യമായും പതിച്ചിരിക്കണം. എന്നാല്‍ അംഗപരിമിതര്‍ വാഹനത്തിനുള്ളില്‍ ഇല്ലാത്ത പക്ഷം പെര്‍മിറ്റ് ഉപയോഗിക്കാനോ വാഹനത്തിന്റെ മുന്‍വശത്ത് പെര്‍മിറ്റ് പ്രദര്‍ശിപ്പിക്കാനോ പാടില്ല.
∙ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യണമെങ്കില്‍ വാഹനത്തിനുള്ളില്‍ നിര്‍ബന്ധമായും പെര്‍മിറ്റ് ഉടമ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം നിയമലംഘനമായി കണക്കാക്കി പെര്‍മിറ്റ് പിന്‍വലിക്കാന്‍ ഗതാഗത വകുപ്പിന് അവകാശമുണ്ടായിരിക്കും.
∙ പാര്‍ക്കിങ് പെര്‍മിറ്റ് നഷ്ടപ്പെട്ടാല്‍ 48 മണിക്കൂറിനുള്ളില്‍ ഗതാഗത വകുപ്പിനെ അറിയിച്ചിരിക്കണം. നഷ്ടപ്പെട്ട പെര്‍മിറ്റ് കണ്ടുകിട്ടുന്നവര്‍ സമീപത്തെ പൊലീസ് സ്റ്റേഷനിലോ ഗതാഗത വകുപ്പിന്റെ ബ്രാഞ്ചുകളിലോ ഏല്‍പ്പിക്കേണ്ടതാണ്.
∙ ഗതാഗത വകുപ്പിന്റെ സ്റ്റാംപ് പതിക്കാത്ത പെര്‍മിറ്റുകള്‍ക്ക് നിയമസാധുതയില്ല.
∙ അനധികൃതമായി പെര്‍മിറ്റ് ഉപയോഗിച്ചാല്‍ ലംഘനമായി കണക്കാക്കുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യും.