ആഡംബര നൗകയിൽ ഡിജെ പാർട്ടി, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; തൊഴിലാളി ദിനത്തിൽ തൊഴിലാളികൾക്ക് യുഎഇയിലെ കമ്പനിയുടെ സർപ്രൈസ്
Mail This Article
ഷാർജ∙ കോട്ടും സ്യൂട്ടും ധരിച്ച്, കോടികൾ വിലമതിക്കുന്ന കാറിൽ യാത്ര ചെയ്യുക, ആഡംബര നൗകയിൽ ഡിജെ പാർട്ടി ആസ്വദിക്കുക, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുക, വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുക - പറഞ്ഞുവരുന്നത് യുഎഇയിലെ മുതലാളിയെക്കുറിച്ചല്ല, തൊഴിലാളികളെക്കുറിച്ചാണ്. ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവം യുഎഇ ആസ്ഥാനമായുള്ള ഒരു മലയാളി കമ്പനി. തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവച്ച 16 തൊഴിലാളികൾക്കായിരുന്നു ഈ അപൂർവ്വാവസരം. തൊഴിലാളി ദിനത്തിൽ, മികച്ച പ്രകടനം കാഴ്ചവച്ച ഈ 16 തൊഴിലാളികളെയും 'ഗോൾഡൻ അച്ചീവ്‌മെന്‍റ്' അവാർഡ് നൽകി ആദരിച്ചു. പുതിയ വസ്ത്രങ്ങളും അവർക്ക് സമ്മാനമായി നൽകി. തുടർന്ന്, കോട്ടും സ്യൂട്ടും ധരിച്ച്, ഫെറാറി, ലംബോർഗിനി, ബെന്‍റ്ലി, ഫോർഡ് മസ്താങ്, കാർഡിലാക് തുടങ്ങിയ ആഡംബര കാറുകളിൽ ദുബായ് നഗരത്തിലൂടെ സഞ്ചാരം. വൈകുന്നേരം, ദുബായ് ഹാർബറിൽ പ്രത്യേകമായി ഒരുക്കിയ സ്വകാര്യ ആഡംബര നൗകയിൽ കേക്ക് മുറിച്ച് തൊഴിലാളി ദിനാഘോഷം നടന്നു. തുടർന്ന്, തുടർന്ന് ഈ തൊഴിലാളികൾ കെട്ടിപ്പടുത്ത ദുബായിലെ പടുകൂറ്റൻ കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് ആഡംബര നൗകയിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തു. അന്നേ ദിവസം ദുബായിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ അവസരവും ഇവർക്കായി കമ്പനി ക്രമീകരിച്ചിരുന്നു.
∙ 'ഒരു ദിവസത്തെ കോടീശ്വരൻ'
'ഒരു ദിവസത്തെ കോടീശ്വരൻ' എന്ന ആശയത്തോടെ ഒരുക്കിയ ഈ പരിപാടി തൊഴിലാളികൾക്ക് ജീവിതത്തിൽ മികച്ച പ്രചോദനമാണ് നൽകിയത് എന്ന് കമ്പനി മാനേജിങ് ഡയറക്ടർ ഹസീന നിഷാദ് പറഞ്ഞു. മികച്ച തൊഴിലാളികൾക്കുള്ള അവാർഡ് വിതരണം ചെയ്തതും ഹസീനയാണ്. കഴിഞ്ഞ രണ്ടു തൊഴിലാളി ദിനത്തിലും ഇതുപോലുള്ള വ്യത്യസ്തമായ സമ്മാനങ്ങൾ തൊഴിലാളികൾക്ക് നൽകിയിരുന്നു. അത്കൊണ്ട് തന്നെ, ഇത്തവണ അവാർഡ് നേടിയെടുക്കാൻ ഓരോരുത്തരും ജോലിയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അത് കമ്പനിയുടെ വളർച്ചയ്ക്ക് ഒരുപാട് സഹായകമായി. നമ്മൾ തൊഴിലാളികളെ എത്രമാത്രം സന്തോഷിപ്പിക്കുന്നുണ്ടോ, അതിന്‍റെ ഇരട്ടി ഉത്പാദനക്ഷമത അവരിൽ നിന്നും ലഭിക്കും. ഈ വർഷം മുതൽ കമ്പനിയിൽ ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും സഹായം ഉണ്ടാകുമെന്ന് കമ്പനി ചെയർമാൻ നിഷാദ് ഹുസൈൻ പറഞ്ഞു. തങ്ങളുടെ ബ്ലൂകോളർ തൊഴിലാളികളുടെ മക്കളെല്ലാവരും ഭാവിയിൽ വൈറ്റ് കോളർ തൊഴിലാളികളായി മാറണെമെന്നാണ് ആഗ്രഹം എന്ന് നിഷാദ് പറഞ്ഞു. ഷാർജ ആസ്ഥാനമായുള്ള കമ്പനിയാണ് കമ്പനിയാണ് വേൾഡ് സ്റ്റാർ ഹോൾഡിങ്