ഭക്ഷ്യവിഷബാധയേറ്റ റിയാദിലെ റസ്റ്ററന്റിന്റെ എല്ലാ ശാഖകൾക്കും 'പൂട്ടുവീണു'
Mail This Article
റിയാദ് ∙ ഭക്ഷ്യവിഷബാധയേറ്റ റിയാദിലെ റസ്റ്ററന്റിന്റെ എല്ലാ ശാഖകളും താത്കാലികമായി അടച്ചതായി റിയാദ് നഗരസഭ അറിയിച്ചു. സ്ഥാപനത്തിന് കീഴിലെ എല്ലാ ശാഖകളിലെയും ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ തുറക്കുകയുള്ളൂ.
ആറു വിദേശികളടക്കം 75 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. 20 പേര്‍ ഐസിയുവിലാണ്. 11 പേരെ റൂമുകളിലേക്ക് മാറ്റി. 43 പേര്‍ ആശുപത്രിവിട്ടു. എല്ലാവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റത് ഒരേ സ്ഥലത്ത് നിന്നാണ്.
ഏപ്രില്‍ 25ന് വ്യാഴാഴ്ചയാണ് റിയാദിലെ റസ്റ്ററന്റിൽനിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം സ്ഥാപനം അടക്കേണ്ട പിഴ സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കും. റിയാദിലെയും അല്‍ഖര്‍ജിലെയും സ്ഥാപനത്തിന്റെ മുഴുവന്‍ കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ ഭക്ഷ്യവിഷബാധയുടെ പുതിയ ലക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് നിർദ്ദേശങ്ങളും വിവരങ്ങളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.