അജ്യാല്‍ ചലച്ചിത്ര മേള നവംബറില്‍; മത്സര വിഭാഗങ്ങളിലേക്ക് ചിത്രങ്ങള്‍ സമര്‍പ്പിക്കാം
Mail This Article
ദോഹ ∙ ഖത്തറിന്റെ അജ്യാല്‍ ചലച്ചിത്ര മേളയ്ക്ക് നവംബര്‍ 16ന് തുടക്കമാകും. മത്സര വിഭാഗങ്ങളിലേക്കുള്ള ചിത്രങ്ങള്‍ ഈ മാസം 12 മുതല്‍ സമര്‍പ്പിക്കാം. മേയ് 12 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് സിനിമകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം എന്നിങ്ങനെ 2 മത്സര വിഭാഗങ്ങളാണുള്ളത്. ഇതിനു പുറമെയാണ് തദ്ദേശീയമായി നിര്‍മിച്ച സിനിമകള്‍ക്കായുള്ള 'മെയ്ഡ് ഇന്‍ ഖത്തര്‍' മത്സര വിഭാഗവും. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ സെപ്റ്റംബര്‍ 15 വരെ ചിത്രങ്ങള്‍ അയയ്ക്കാം. ഖത്തറിലെ സ്വദേശികള്‍ക്കും പ്രവാസികൾക്കും ഈ വിഭാഗത്തില്‍ മത്സരചിത്രങ്ങള്‍ അയയ്ക്കാം.
നവംബര്‍ 16 മുതല്‍ 23 വരെ നീളുന്ന 12-ാമത് ചലച്ചിത്രമേള ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (ഡിഎഫ്‌ഐ) ആണ് സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീളുന്ന ചലച്ചിത്ര മേളയ്ക്ക് ആഗോള തലത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തവുമുണ്ടാകും. ഗാസയില്‍ ഇസ്രയേല്‍ അക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷത്തെ അജ്യാല്‍ ചലച്ചിത്രമേള റദ്ദാക്കിയിരുന്നു.