ദുബായിൽ നിന്ന് ഇന്തൊനീഷ്യയിലേക്ക് യാത്ര തിരിച്ച് മുഖ്യമന്ത്രി
Mail This Article
ദുബായ് ∙ ഇന്ന് (തിങ്കൾ) രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാതെയാണ് ഇന്തൊനീഷ്യയിലേക്ക് യാത്ര തുടർന്നത്. ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇന്തൊനീഷ്യയില്‍ ഉണ്ടായിരിക്കും. പിന്നീട് 18 വരെ സിംഗപ്പൂരും സന്ദർശിക്കും. 19 ന് ദുബായ് വഴി തന്നെ കേരളത്തിലേക്ക് മടങ്ങും.
ട്രാൻസിറ്റ് യാത്രക്കാരനായതിനാലാണ് മുഖ്യമന്ത്രി, ഭാര്യ കമല, കൊച്ചുമകൻ എന്നിവർ എയർപോർട്ടിൽ തന്നെ തങ്ങിയത്. രാവിലെ 7 മണിയോടെ ഇവിടെയെത്തിയ അദ്ദേഹവും കുടുംബവും 10.10ന് ഇന്തൊനീഷ്യയിലേക്ക് പറന്നു. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണ് യാത്ര. ഓഫിസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.
മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും നാലു ദിവസം മുൻപ് ദുബായിലേക്ക് പുറപ്പെട്ടിരുന്നു. ദുബായിക്കു പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിനു യാത്ര അനുമതി.