ഫുജൈറ ജനവാസ മേഖലയിൽ അലഞ്ഞുതിരിയുന്ന അപൂർവ്വയിനം കാട്ടുപൂച്ചയുടെ വിഡിയോ; അന്വേഷണം ആരംഭിച്ചു
Mail This Article
ഫുജൈറ∙ ഫുജൈറയിൽ അപൂർവ്വയിനം കാട്ടുപൂച്ചയായ ലിൻക്സ് ജനവാസ മേഖലയിൽ അലഞ്ഞുതിരിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മൃഗത്തിന്‍റെ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഫുജൈറ പരിസ്ഥിതി വിഭാഗത്തിന്‍റെ പ്രത്യേക സംഘം മസാഫി പ്രദേശത്ത് പരിശോധന നടത്തി. കാട്ടുപൂച്ചയെ ആരെങ്കിലും വളർത്തുന്നതാണോ അതോ വഴിതെറ്റിയെത്തിയതാണോ എന്ന് അന്വേഷണം നടക്കുന്നുണ്ട്. മൃഗത്തിന് ഉടമ ഉള്ളതായി കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വേട്ടയാടലിൽ കഴിവ് തെളിയിച്ചിട്ടുള്ള ഇടത്തരം വലിപ്പമുള്ള പൂച്ചയാണ് ലിൻക്സ്. ഇരയെ പിടിക്കാൻ 10 അടി വരെ ഉയരത്തിൽ ചാടാൻ ഇതിനു കഴിയും. ഫുജൈറയുടെ പരിസ്ഥിതി സന്തുലിതാവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന മൃഗമാണിത്. വന്യജീവികളെ കണ്ടെത്തിയാലോ പാരിസ്ഥിതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ ഫുജൈറ പരിസ്ഥിതി അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പരായ 800368 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് വിളിക്കാം.