ദുബായിൽ ടാക്സി നിരക്ക് കിലോമീറ്ററിന് 12 ഫിൽസ് വർധിച്ചു
Mail This Article
ദുബായ് ∙ ദുബായിൽ ടാക്സി നിരക്ക് കിലോമീറ്ററിന് 12 ഫിൽസ് വർധിച്ചതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി മുതൽ തുടർച്ചയായി നാല് മാസത്തെ പെട്രോൾ വിലവർധനവിന് ശേഷമാണ് ടാക്സി നിരക്ക് ഉയർന്നത്.
സ്‌പെഷ്യൽ 95-ന്റെ വില ജനുവരിയിൽ ലീറ്ററിന് 2.71 ദിർഹമായിരുന്നു, എന്നാൽ ഇപ്പോൾ ലീറ്ററിന് 3.22 ദിർഹമാണ്. വർഷത്തിന്റെ തുടക്കം മുതൽ 51 ഫിൽസ് വർധിച്ചു. ദുബായിൽ ടാക്സികൾക്ക് ഇപ്പോൾ കിലോ മീറ്ററിന് 2.09 ദിർഹമാണെന്ന് ദുബായ് ടാക്സി കമ്പനി പിജെഎസ്‌സി (ഡിടിസി) വെബ്‌സൈറ്റ് പറയുന്നു. മുൻപ് കിലോമീറ്ററിന് 1.97 ദിർഹം ഈടാക്കിയിരുന്നതിനെ അപേക്ഷിച്ച് 12 ഫിൽസ് വർധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു കിലോമീറ്ററിന് ഇന്ധന ഉപയോഗത്തിൽ മാത്രമാണ് നിരക്ക് വർധന പ്രതിഫലിക്കുന്നത്. ഫ്ലാഗ്-ഡൗൺ അല്ലെങ്കിൽ ഫ്ലാഗ് ഫാൾ നിരക്ക് (ഒരു ടാക്സി യാത്രയുടെ തുടക്കത്തിൽ ഈടാക്കുന്ന പ്രാരംഭ ചാർജ്) ഇപ്പോഴും സമാനമാണ്.
അതേസമയം, ദുബായ് മെട്രോ, ട്രാം, പൊതു ബസുകൾ എന്നിവയുൾപ്പെടെ മറ്റ് പൊതുഗതാഗത രീതികളുടെ വില മാറ്റമില്ലാതെ തുടരും. തുടർച്ചയായ ഇന്ധന വിലവർധനവിന് ശേഷം 2022 ജൂലൈയിലാണ് അവസാനമായി ടാക്സി നിരക്കിൽ ഗണ്യമായ കൂടിയത്. അക്കാലത്ത് ആഗോള എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലായിരുന്നു, ടാക്സി നിരക്ക് കിലോമീറ്ററിന് 1.99 ദിർഹത്തിൽ നിന്ന് 2.19 ദിർഹമായി 20 ഫിൽസ് വർധിപ്പിച്ചു. ഈ മാസം ആഗോള എണ്ണവില ബാരലിന് 83 ഡോളറിനും 87 ഡോളറിനും ഇടയിലാണ്. മാർച്ചിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ബാരലിന് ശരാശരി 4.53 ഡോളർ കൂടി.
ടാക്‌സി നിരക്കുകളിലേത് പ്രാദേശിക വിപണിയിലെ ഇന്ധന വിലയിലെ മാറ്റത്തെ അടിസ്ഥാനമാക്കിയുള്ള വർധനവാണെന്ന് ആർടിഎ പറഞ്ഞു. ഇത് ഒരു കിലോമീറ്ററിലെ ഇന്ധന ഉപഭോഗത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്നു. 2023 ജനുവരിയിൽ ദുബായിലെ ടാക്സി നിരക്കുകൾ 22 ഫിൽസ് കുറച്ചു - കിലോമീറ്ററിന് 2.19 ദിർഹം മുതൽ 1.97 ദിർഹം വരെ.
∙അജ്മാനിലും ഷാർജയിലും നിരക്ക് വർധന
അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഈ വർഷം മാർച്ച് മുതൽ ടാക്സി നിരക്കിൽ 4 ഫിൽസ് വർധനവ് (കിലോമീറ്ററിന് 1.83 ദിർഹം) നടപ്പാക്കിയിരുന്നു. ഫെബ്രുവരിയിൽ 1.79 ദിർഹമായിരുന്നു ഇൗടാക്കിയിരുന്നത്. ഷാർജയിൽ ടാക്സി നിരക്ക് വർധന ഉണ്ടായിട്ടില്ല. എന്നാൽ അടുത്തിടെയുള്ള എണ്ണ വില വർധനവ് ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള ചില റൂട്ടുകളെയും ഇന്റർസിറ്റി നിരക്കുകളെയും ബാധിച്ചു. മാർച്ച് 1 മുതൽ ചില റൂട്ടുകളിൽ ഷാർജ ബസ് നിരക്ക് 3 ദിർഹം വർധിച്ചു. ഷാർജയിലെ റോളയിൽ നിന്ന് അൽഖൂസ് വഴി ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിലേക്കുള്ള ബസ് നിരക്ക് (ബസ് റൂട്ട് 309) 17 ദിർഹം മുതൽ 3 ദിർഹം വർധിച്ചു.