ദുബായ് – അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂറും ഷട്ടിൽ ബസ് സർവീസ്, ചെലവും കുറവ്
Mail This Article
അബുദാബി ∙ ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. ദുബായിൽ താമസിക്കുന്നവർക്ക് അബുദാബി വിമാനത്താവളത്തിലും തലസ്ഥാന നഗരിയിൽ താമസിക്കുന്നവർക്ക് ദുബായ് വിമാനത്താവളത്തിലും കുറഞ്ഞ ചെലവിൽ എത്താൻ സഹായിക്കുന്നതാണ് സേവനം. ദുബായിലെ ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് പുറപ്പെടുന്ന ബസ്, യാത്രികരെ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കും.
ടിക്കറ്റ് ഓൺലൈനിലും
www.zayedinternationalairport.ae/en/Transport/Airport-shuttle വെബ്സൈറ്റിൽനിന്ന് ഓൺലൈനായി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്ര ചെയ്യേണ്ട തീയതിയും സമയവും സ്ഥലവും യാത്രക്കാരുടെ പേരുവിവരങ്ങളും നൽകണം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴി തുക അടച്ചാൽ ഡിജിറ്റൽ ടിക്കറ്റ് ഇമെയിലിൽ ലഭിക്കും. 35 ദിർഹമാണ് വൺവേ ടിക്കറ്റ് നിരക്ക്.
ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽനിന്ന് അർധരാത്രി 12 മുതൽ രാത്രി 11 വരെ ഓരോ മണിക്കൂറിലും ബസ് സർവീസുണ്ടാകും. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വെളുപ്പിന് 1.30 മുതൽ അർധരാത്രി 12.30 വരെയാണ് സർവീസ്. അബുദാബി വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കാം.
ആർടിഎ ബസ്
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഇന്റർസിറ്റി ബസ് (ഇ102) ജാഫ്‍ലിയ, ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് സായിദ് ഇന്റർനാഷനൽ വിമാനത്താവളം വഴി സർവീസ് നടത്തുന്നുണ്ട്. 25 ദിർഹമാണ് നിരക്ക്. പുലർച്ചെ 4ന് ആരംഭിക്കുന്ന സേവനം പിറ്റേന്ന് വെളുപ്പിന് ഒരുമണി വരെ തുടരും.