'ടിക്കറ്റ് ബുക്ക് ചെയ്തത് വൻ തുക കൊടുത്ത്; എയർ ഇന്ത്യ (വേ) എക്സ്പ്രസ് (റേ) ഏത് കമ്പനി?' – യാത്രക്കാരുടെ പ്രതികരണം
Mail This Article
ദുബായ് ∙ പൈലറ്റുമാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്തതിനാൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ മുടങ്ങി. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്നു പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മുടങ്ങിയത്. ഇന്നലെ അര്‍ധരാത്രി മുതലാണ് എയർ ഇന്ത്യാ എക്സ്പ്രസിന്റെ 70-ലേറെ രാജ്യാന്തര, ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയത്. എന്നാൽ ഇതറിയാതെ വിമാനത്താവളങ്ങളിൽ ചെന്ന യാത്രക്കാര്‍ പാതിവഴിയിലാവുകയും ചെയ്തു. അതേസമയം, ഗൾഫിലേയ്ക്ക് യാത്ര പുറപ്പെടാനൊരുങ്ങിയ ഒട്ടേറെ ഇന്ത്യക്കാരും നാട്ടിലെ വിമാനത്താവളങ്ങളിൽ ബാക്കിയായി. ഇതില്‍ വീസ കാലാവധി അവസാനിക്കുന്നവരടക്കം അടിയന്തരമായി ഗൾഫിലേക്കു പുറപ്പെടാനൊരുങ്ങിയവർ ഒട്ടേറെ.
അബുദാബിയിൽ നിന്ന് തിരുവനന്തപുരം, കണ്ണൂർ, ദുബായിൽ നിന്ന് കോഴിക്കോട്, അമൃതസർ, തിരുച്ചിറപ്പള്ളി, ഷാർജയിൽ നിന്ന് കൊച്ചി, കണ്ണൂർ, റാസൽഖൈമയിൽ നിന്ന് രണ്ട് സർവീസുകളുമാണ് മുടങ്ങിയതെന്നാണ് ഇതുവരെ ലഭിച്ച വിവരം. കേരളത്തിലടക്കമുള്ള ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലും യാത്രക്കാർ പ്രതിസന്ധിയിലായി. വൻ തുക കൊടുത്താണ് ഇവരിൽ മിക്കവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ കൃത്യമായ മറുപടി നൽകാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരാരും ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. പ്രവർത്തനത്തിലുണ്ടായ തടസ്സമാണ് കാരണം എന്ന് മാത്രമായിരുന്നു എയർ ഇന്ത്യ അധികൃതരുടെ മറുപടി. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ പുലർച്ചെ വരെ എന്തു ചെയ്യണമെന്നറിയാതെ വിഷമവൃത്തത്തിലാവുകയും ചെയ്തു.
പിതാവിന് സുഖമില്ലാത്തതിനാൽ 10 ദിവസത്തെ അവധിക്ക് നാട്ടിൽ പോയി ദുബായിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ തിരിച്ചുവരാനായി ടിക്കറ്റെടുത്തിരുന്നതായി പത്തനംതിട്ട തിരുവല്ല സ്വദേശിയും ഷാര്‍ജയിൽ ജോലി ചെയ്യുന്നയാളുമായ ഏബ്രഹാം മാത്യു മനോരമ ഒാൺലൈനോട് പറഞ്ഞു. ഇന്ന് പുലർച്ചെ 5ന് പുറപ്പെടേണ്ടിയിരുന്ന െഎഎക്സ്533 വിമാനത്തിലായിരുന്നു ടിക്കറ്റെടുത്തിരുന്നത്. ഇതിനായി രാത്രി വിമാനത്താവളത്തിലെയപ്പോള്‍ അബുദാബി വിമാനം വൈകുമെന്ന അറിയിപ്പ് ഡിസ്പ്ലേയിൽ കണ്ടതിനെ തുടര്‍ന്ന് അന്വേഷിക്കാൻ ചെന്നപ്പോൾ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഗ്രൗണ്ട് സ്റ്റാഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ഇതേക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. എയർ ഇന്ത്യ അധികൃതരെ സമീപിച്ചപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് മറ്റൊരു കമ്പനിയായാണ് പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തു. പിന്നീട് അബുദാബി വിമാനം റദ്ദാക്കിയെങ്കിലും ഏബ്രഹാമിന് പോകേണ്ട വിമാനം കൃത്യസമയത്ത് പുറപ്പെടുമെന്ന അറിയിപ്പു വന്നു. വൈകാതെ അബുദാബി, ദുബായ് വിമാനങ്ങൾ റദ്ദാക്കിയതായും അറിയിച്ചു. ഇതോടെ ബഹളം വച്ച യാത്രക്കാര്‍ക്ക് കൃത്യമായ വിവരം നൽകാൻ അധികൃതർ ആരുമുണ്ടായില്ലെന്ന് ഏബ്രഹാം പറഞ്ഞു. യാത്രക്കാരുടെ നിർബന്ധം മൂലം ടെർമിനലിന് പുറത്തെ ടിക്കറ്റ് കൗണ്ടർ തുറന്ന് യാത്രക്കാർക്ക് ടിക്കറ്റ് റി ഷെഡ്യൂൾ ചെയ്തുകൊടുക്കുകയും ചിലർ കാൻസൽ ചെയ്യുകയുമായിരുന്നു. അടിയന്തര ചികിത്സയ്ക്കായി ദുബായിലേയ്ക്ക് പുറപ്പെട്ട പത്തനംതിട്ട സ്വദേശിയായ വയോധിക അടക്കം ചിലർ നഗരത്തിലെ ഹോട്ടലുകളിലേക്കും ഏബ്രഹാം അടക്കമുള്ളവർ വീടുകളിലേയ്ക്കും തിരിച്ചുപോയി. വൻ സാമ്പത്തിക നഷ്ടം കൂടിയാണ് ഇവർക്ക് ഉണ്ടായിരിക്കുന്നത്.
അതേസമയം, എയർഇന്ത്യ എക്സ്പ്രസിന്റെ പുതിയ തൊഴിൽ നയങ്ങളിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചത്. 300 മുതിർന്ന കാബിൻ ക്രൂ അംഗങ്ങൾ അവസാന നിമിഷം സിക്ക് ലീവ് നൽകി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതായാണ് വിവരം. ക്രൂ അംഗങ്ങളെ ബന്ധപ്പെടാൻ മാനേജ്മെന്റ് ശ്രമിച്ചുവരികയാണെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വൃത്തങ്ങൾ അറിയിച്ചു. ‘‘ഞങ്ങളുടെ ഒരു വിഭാഗം കാബിൻ ക്രൂ അംഗങ്ങൾ അവസാന നിമിഷം സിക്ക് ലീവ് റിപ്പോർട്ട് ചെയ്തു. ഇതുമൂലം വിമാനങ്ങൾ പലതും വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇതിനുപിന്നിലെ കാരണങ്ങൾ മനസ്സിലാക്കുന്നതിനായി ക്രൂ അംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണ്. ഇതുമൂലം ഞങ്ങളുടെ അതിഥികൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് വേണ്ടി ഞങ്ങളുടെ ടീം ശ്രമിക്കുകയാണ്. യാത്രക്കാർക്ക് ഇതുമൂലം ഉണ്ടായ എല്ലാ ബുദ്ധിമുട്ടിനും ക്ഷമചോദിക്കുന്നു’’ – എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകുകയോ പകരം യാത്രാസംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.