വൈകില്ല ഏകീകൃത വീസ, കുതിക്കും ഒറ്റ യൂണിറ്റായി; 6 ജിസിസി രാജ്യങ്ങൾ സന്ദർശിക്കാം, 30 ദിവസത്തിലേറെ തങ്ങാം
Mail This Article
ദുബായ് ∙ ഇക്കൊല്ലം അവസാനത്തോടെ നിലവിൽ വരുന്ന ഗൾഫ് ഏകീകൃത വീസയിൽ 30 ദിവസത്തിലേറെ വിവിധ രാജ്യങ്ങളിലായി തങ്ങാൻ കഴിയുമെന്ന് സൂചന. യുഎഇ, സൗദി, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഒറ്റ വീസയ്ക്ക് ഗൾഫ് രാജ്യങ്ങളുടെ പൊതുവേദിയായ ജിസിസി കൗൺസിൽ പച്ചക്കൊടി കാട്ടിയിരുന്നു. നിലവിൽ ഓരോ രാജ്യം സന്ദർശിക്കുന്നതിനും പ്രത്യേക വീസ വേണം. ഏകീകൃത വീസ ഗൾഫ് മേഖലയിലെ വിനോദസഞ്ചാരത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് ജിസിസി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാർ.
ഗൾഫ് രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സംയോജിപ്പിച്ചുള്ള ഇടനാഴി ആരോഗ്യകരമായ മത്സരത്തിനും സഹകരണത്തിനും വഴിയൊരുക്കും. ഇതുവഴി ടൂറിസം മേഖലയിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാനും വികസനകുതിപ്പുണ്ടാക്കാനും ഗൾഫ് രാജ്യങ്ങൾക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മന്ത്രിതല സെമിനാർ അഭിപ്രായപ്പെട്ടു. വിനോദസഞ്ചാരം അടിസ്ഥാനമാക്കിയുള്ള വികസനത്തിൽ ഏകീകൃത വീസ നിർണായകമാകുമെന്നും മന്ത്രിമാർ പറഞ്ഞു. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായി ഗൾഫ് രാജ്യങ്ങളെ അവതരിപ്പിക്കാൻ പൊതുവീസയിലൂടെ സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഏകീകൃത വീസയ്ക്കു പിന്നാലെ ജിസിസി റെയിൽവേ കൂടി യാഥാർഥ്യമാകുന്നതോടെ ഒരൊറ്റ വിനോദസഞ്ചാര യൂണിറ്റായി ജിസിസി രാജ്യങ്ങൾ മാറും. നിലവിലെ വിമാനത്താവളങ്ങളിലും ക്രൂസ് ടെർമിനലുകളിലും കൂടുതൽ നിക്ഷേപങ്ങൾ ലഭിക്കാനും പുതിയ സംവിധാനം ഉപകാരപ്പെടും. യുഎഇയുടെ സാമ്പത്തിക വളർച്ചയിൽ ടൂറിസം മേഖല നിർണായക പങ്കാണ് വഹിക്കുന്നതെന്നു മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. കഴിഞ്ഞ വർഷത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 11.7% ടൂറിസം മേഖലയിൽ നിന്നുള്ളതാണ്. 2,2000 കോടി ദിർഹം വരുമാനം ഇതിൽനിന്നു ലഭിച്ചു. ഈ വർഷം 12% വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും മൊത്തം വരുമാനം 23600 കോടി ദിർഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ, സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹ്ദ് ഹമിദാദിൻ, ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി അസ്സൻ അൽ ബുസെയ്ദി, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സിഇഒ സാറാ ബുജി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.