‘കുട്ടികൾക്ക് ഫോണും ടിവിയും നിഷേധിക്കേണ്ട, ചതിക്കുഴി തിരിച്ചറിയാൻ പഠിപ്പിക്കുക’
Mail This Article
ഷാർജ ∙ സാങ്കേതികവിദ്യകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതിനാൽ ഫോണും ടിവിയും ടാബും കുട്ടികൾക്കു നിഷേധിക്കുന്നതു ഗുണം ചെയ്യില്ലെന്ന് എഴുത്തുകാരി തസ്നിം ഒംറാം. ഫോണിലും കംപ്യൂട്ടറിലുമുള്ള സാങ്കൽപിക ലോകവും നമ്മൾ ജീവിക്കുന്ന യഥാർഥ ലോകവും തമ്മിലുള്ള സന്തുലനം നിലനിർത്തുക മാത്രമാണ് ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള പോംവഴി.
ഫോണും ടിവിയുമൊക്കെ നിഷേധിച്ച് കുട്ടികളെ നേർവഴിക്കു നയിക്കാമെന്നുള്ള ധാരണ വേണ്ട. സാങ്കേതികവിദ്യയുടെ സഹായത്തോടെ മാത്രമേ ഇനിയുള്ള നാളുകളിൽ ജീവിക്കാനാകൂ. ഷാർജ റീഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ‘കുട്ടികളും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗവും’ എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
സാങ്കൽപിക ലോകത്തേക്കാൾ യഥാർഥ ലോകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കുട്ടികളെ പഠിപ്പിക്കുക. കൃത്യമായി ഉപയോഗിച്ചാൽ ഗാഡ്ജറ്റുകൾ ഏറ്റവും സൗകര്യപ്രദമായ സാഹചര്യം ഒരുക്കുന്ന വസ്തുക്കളാണ്. എന്നാൽ, സാധ്യതകളെയെന്ന പോലെ ചതിക്കുഴികളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്നും അവർ പറഞ്ഞു