ഖത്തറില്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ 98.09 ശതമാനം പൊതുജനങ്ങളും സംതൃപ്തര്‍
Mail This Article
ദോഹ ∙ ഖത്തറില്‍ കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ സേവനങ്ങളില്‍ 98.09 ശതമാനം പൊതുജനങ്ങളും സംതൃപ്തര്‍. ഏപ്രിലില്‍ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളിലെത്തിയ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് സേവനങ്ങളില്‍ എത്രമാത്രം സംതൃപ്തരാണെന്ന് കണ്ടെത്തിയതെന്ന് സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡവലപ്‌മെന്റ് ബ്യൂറോ (സിജിബി) വ്യക്തമാക്കി. ഏപ്രിലില്‍ 37,268 സേവനങ്ങളാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയാക്കിയത്. സേവനങ്ങളില്‍ ശരാശരി ഉപഭോക്തൃ സംതൃപ്തി 98.09 ശതമാനമാണ്.
കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയ 37,268 സേവനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദേശകാര്യമന്ത്രാലയത്തിന്റേതാണ്-15,500. ഉപഭോക്താക്കളില്‍ നിന്നുള്ള 746 പ്രതികരണങ്ങളിലും 98.01 ശതമാനം പേരും സംതൃപ്തരാണ്. തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള 7,810 സേവനങ്ങളിലായി ലഭിച്ച 619 പ്രതികരണങ്ങളില്‍ 98.82 ശതമാനം പേരും തൃപ്തരാണ്. നീതിന്യായ മന്ത്രാലയം 6,268 സേവനങ്ങളുമാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ 432 പ്രതികരണങ്ങളില്‍ 97.23 ശതമാനം പേരും സംതൃപ്തരാണ്.
സിജിബിയുടെ സേവനങ്ങളില്‍ 96.64, ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്‌റാമ) സേവനങ്ങളില്‍ 98.87, വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതില്‍ 98.81, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ സേവനങ്ങളില്‍ 98.58 ശതമാനം എന്നിങ്ങനെയാണ് ഉപഭോക്താക്കളുടെ സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
അല്‍ ഷമാല്‍, അല്‍ഖോര്‍, പേള്‍, അല്‍ ദായീന്‍, അല്‍ റയാന്‍, അല്‍ ഹിലാല്‍ തുടങ്ങി രാജ്യത്തുടനീളമായി പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സേവനങ്ങളില്‍ 98 ശതമാനത്തിലധികം പേരും തൃപ്തരാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്തതോടെ ഉപഭോക്താക്കളും കൂടുതല്‍ സംതൃപ്തരാണ്. സേവന കേന്ദ്രങ്ങളിലെത്തി ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്ന ഉപഭോക്താക്കള്‍ക്ക് അഭിപ്രായവും പരാതികളും അറിയിക്കുകയും ചെയ്യാം.