എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടി പാക്കിസ്ഥാനികളും
Mail This Article
അബുദാബി/റാസൽഖൈമ/ഫുജൈറ ∙ എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങിയവരിൽ വിദേശ വിദ്യാർഥികളും. പരീക്ഷയെഴുതിയ 12 രാജ്യക്കാരായ 72 വിദേശ വിദ്യാർഥികളിൽ 59 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമയിലെ ശ്രീലങ്കൻ വിദ്യാർഥി ഷാസ്നിക്ക് 9 വിഷയത്തിൽ എ പ്ലസ് ലഭിച്ചു.
ഹിന്ദിക്കു പകരമായി തിരഞ്ഞെടുത്ത ജികെയിൽ (പൊതുവിജ്ഞാനം) കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വന്നത്. ഇതാണ് മിക്ക വിദേശ വിദ്യാർഥികളെയും കുഴക്കിയത്. സാമൂഹിക ശാസ്ത്രവും ചിലർക്ക് കടുകട്ടിയായിരുന്നു.കേരള സിലബസ് പഠിച്ച വിദേശ വിദ്യാർഥികളിൽ കൂടുതൽ പേരും പാക്കിസ്ഥാനികളാണ്. 4 സ്കൂളുകളിൽ നിന്നായി 32 പാക്കിസ്ഥാനികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ബംഗ്ലദേശുകാരായ 22 വിദ്യാർഥികളും എസ്എസ്എൽസി എഴുതിയിട്ടുണ്ട്. സുഡാൻ– 5, അഫ്ഗാൻ– 3, ഇറാൻ– 2, ശ്രീലങ്ക– 2, ഫിലിപ്പീൻസ്, ഈജിപ്ത്, മോൾഡോവ, മെക്സിക്കോ, സൊമാലിയ, കോമറോസ് എന്നീ രാജ്യക്കാരായ ഓരോ വിദ്യാർഥികളും പരീക്ഷയെഴുതി.
ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ പരീക്ഷയെഴുതിയത് ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമയിലാണ്. 44 വിദ്യാർഥികളിൽ 23 പേരും വിദേശികളായിരുന്നു. അതായത് അവിടെ കേരള സിലബസ് പഠിച്ചവരിൽ മലയാളികളെക്കാൾ കൂടുതൽ മറുനാട്ടുകാരാണ്, അതിൽ 12 പേർ പാക്കിസ്ഥാനികളും. 22 വിദേശ വിദ്യാർഥികൾ പരീക്ഷയെഴുതിയ ദി ഇംഗ്ലിഷ് സ്കൂൾ ഉമ്മുൽഖുവൈനിൽ 10 പേരാണ് പാക്കിസ്ഥാനികൾ. എന്നാൽ, ഇന്ത്യൻ സ്കൂൾ ഫുജൈറയിലെ 20 വിദേശ വിദ്യാർഥികളിൽ 15 പേരും ബംഗ്ലദേശികളാണ്. ഗൾഫ് മോഡൽ സ്കൂൾ ദുബായിൽ 6 പാക്കിസ്ഥാനികളും ഒരു ബംഗ്ലദേശിയുമാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്.
ആപ്ലിക്കേഷൻ ലെവലിലുള്ള പഠന, പരീക്ഷാരീതികളിലൂടെ മികച്ച മാർക്ക് നേടാൻ സാധിക്കുമെന്നതാണ് ഇവരെ കേരള സിലബസിലേക്ക് ആകർഷിച്ചത്. വിദേശ പാഠ്യപദ്ധതിയോടു കിടപിടിക്കാൻ കേരള സിലബസ് നൽകുന്ന അടിത്തറയിലൂടെ സാധ്യമാകുന്നുണ്ടെന്ന് മറുനാടൻ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.മുൻകാലങ്ങളിൽ കേരള സിലബസിൽ പഠിച്ചവർ ഉന്നതവിജയം നേടിയതും മികച്ച ജോലിയിൽ പ്രവേശിച്ചതുമെല്ലാം ഇവർക്കു പ്രചോദനമായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടാൻ സാധിക്കാതിരുന്ന 13 വിദേശ വിദ്യാർഥികൾ പുനർമൂല്യനിർണയത്തിലൂടെയും സേ പരീക്ഷയിലൂടെയും വിജയം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ആ ഫലം കൂടി ലഭിക്കുന്നതോടെ വിജയശതമാനം ഇനിയും കൂടും.