യോഗയിൽ മൂന്ന് റെക്കോർഡുകൾ സ്വന്തമാക്കി മലയാളി ബാലിക
Mail This Article
ഷാർജ ∙ മൂന്ന് റെക്കോർഡുകൾ സ്വന്തമാക്കി മലയാളി ഹയാ ഫാത്തിമ നിഹാസ്. യോഗയിലെ പൂർണഭുജംഗാസന ഏറ്റവുമധികം നേരം ചെയ്തതിനാണ് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ്, ഏഷ്യാ ബുക് റെക്കോർഡ്സ് (ഗ്രാൻഡ് മാസ്റ്റർ), വേൾഡ് വൈഡ് ബുക് ഓഫ് റെക്കോര്‍ഡ്സ് എന്നിവ ഈ പത്തുവയസുകാരിയെ തേടിയെത്തിയത്.
അജ്മാൻ അല്‍ അമീർ ഇംഗ്ലിഷ് സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിനിയായ ഹയ ഒന്നാം ക്ലാസ് മുതല്‍ സ്കൂളിൽ കരാട്ട പഠിച്ചുവരുന്നു. അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഈ കൊച്ചുമിടുക്കി ബ്ലൂ ബെൽറ്റും സ്വന്തമാക്കി. ഇതേ സമയം ജിംനാസ്റ്റിക്കിലും യോഗയിലും താത്പര്യം പ്രകടിപ്പിച്ചു. നാലാം ക്ലാസിലെത്തിയപ്പോൾ ഇതിനെയെല്ലാം ഗൗരവമായി സമീപിച്ചുതുടങ്ങി. സ്കൂൾ അവധിക്കാലത്ത് യു ട്യൂബ് നോക്കി കൂടുതൽ പഠിക്കാനും സമയം കണ്ടെത്തി. ഇക്കഴിഞ്ഞ അവധിക്കാലത്ത് മൊബൈലിൽ ടൈമർ വച്ച് പൂർണഭുജംഗാസന(ഫുൾ കോബ്ര പോസ്) ചെയ്തപ്പോൾ 13 മിനിറ്റും 27 സെക്കൻഡും ദൈർഘ്യം രേഖപ്പെടുത്തി. ഇത് വിവിധ റെക്കോർഡുകൾക്ക് അയക്കുകയും സർടിഫിക്കറ്റ് നേടുകയും ചെയ്തു.
കണ്ണൂർ പരിയാരം ഓണപ്പറമ്പ് സ്വദേശികളായ നിഹാസ്–ഹസീബ ദമ്പതികളുടെ മകളാണ്.