സമകാലിക ബാലകവിതകൾക്ക് ലോകത്തിന്റെ മുറിവുണക്കാൻ കഴിയും: ശോഭ തരൂർ
Mail This Article
ഷാർജ ∙ സമകാലിക ബാല കവിതകൾക്ക് ലോകത്തിന്റെ മുറിവുകളുണക്കാനുള്ള കഴിവുണ്ടെന്ന് കുട്ടികളുടെ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ശോഭ തരൂർ. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 15-ാമത് കുട്ടികളുടെ വായനോത്സവത്തിൽ സമകാലിക ബാലകവിതകൾ എങ്ങനെ 'പുതുതായി' നിലനിർത്താം എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
ബാലകവിതകളിലെ പ്രമേയങ്ങൾ വഹിക്കുന്ന പങ്ക്, സൗഹൃദം, പ്രകൃതി, ഭാവന തുടങ്ങിയ വിഷയങ്ങള്‍ യുവ കവികൾ കവിതകളിൽ ശക്തമായി ആവിഷ്കരിക്കുന്നു. കുട്ടികളുടെ കവിതകൾ ആകർഷകവും ചിന്തോദ്ദീപകവുമായ വഴികളിലൂടെ സാർവത്രിക വിഷയങ്ങളെ അഭിസംബോധന ചെയ്യണം. കുട്ടികളുമായി ഇടപഴകുന്നത് തുടരുകയാണെങ്കിൽ കവികൾക്ക് ദീർഘകാല വായനക്കാർ ഉണ്ടാകും.
കവിതാസമാഹാരങ്ങളടക്കമുള്ള പുസ്തകങ്ങൾ ചർച്ചയ്ക്കുള്ള സ്പ്രിങ് ബോർഡുകളാണ്. കുട്ടികളായി നിങ്ങൾ വായിക്കപ്പെടുന്നു, പിന്നെ വളരുകയും സ്വയം വായിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള പ്രശ്നങ്ങളെക്കുറിച്ചും മൃഗത്തെക്കുറിച്ച് പോലും ചിന്തിക്കാൻ തുടങ്ങും. സുരക്ഷ, ലിംഗസമത്വം, ഗ്രഹ സംരക്ഷണം എന്നിവ ഉദാഹരണം. നാമെല്ലാം ഒരു ലോകത്തിന്റെ ഭാഗമാണ്. ലോകം വേദനിക്കുമ്പോൾ നാമതിനെ ഉപേക്ഷിക്കരുത്. അത് സുഖപ്പെടുത്താൻ നാം ശ്രമിക്കണം ശശി തരൂർ എംപിയുടെ സഹോദരി കൂടിയായ അവർ കൂട്ടിച്ചേർത്തു. ഡോ.ഡില്ലൗലി ലെയ്ദ് പ്രസംഗിച്ചു. മാധ്യമപ്രവർത്തക മാനിയ സുവൈദ് മോഡറേറ്റായിരുന്നു.