പുസ്തകങ്ങളുടെ വൈവിധ്യശേഖരവുമായി ദോഹ രാജ്യാന്തര പുസ്തക മേളയ്ക്ക് തുടക്കം
Mail This Article
ദോഹ ∙ പുസ്തകങ്ങളുടെ വൈവിധ്യശേഖരവുമായി ദോഹ രാജ്യാന്തര പുസ്തക മേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം. പങ്കെടുക്കുന്നത് 42 രാജ്യങ്ങളില്‍ നിന്നുള്ള 515 പ്രസാധകര്‍. വായനപ്രേമികള്‍ക്കായി 1,80,000 ത്തിലധികം പുസ്തകങ്ങളും. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയാണ് 33-ാമത് ദോഹ രാജ്യാന്തര പുസ്തകമേള ഉദ്ഘാടനം ചെയ്തത്. അറിവ് നാഗരികതയെ വാര്‍ത്തെടുക്കുന്നു എന്ന പ്രമേയത്തില്‍ സാംസ്‌കാരിക മന്ത്രാലയമാണ് മേള സംഘടിപ്പിച്ചത്.
ഈ മാസം 18 വരെ നീളുന്ന പുസ്തക മേളയില്‍ ബാലസാഹിത്യം മുതല്‍ ചരിത്ര-പൈതൃക-സാംസ്‌കാരിക പുസ്തകങ്ങള്‍,പുരാതന കയ്യെഴുത്തുപ്രതികള്‍ തുടങ്ങി പുസ്തകങ്ങളുടെ വലിയ ശേഖരമാണുള്ളത്. പുസ്തക പ്രസാധകര്‍ക്ക് പുറമെ വിവിധ മന്ത്രാലയങ്ങള്‍, കത്താറ കള്‍ചറല്‍ വില്ലേജ്, ഖത്തര്‍ യൂണിവേഴ്‌സിറ്റി തുടങ്ങി സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളുടെ പവിലിയനുകളും സജീവമാണ്.