ADVERTISEMENT

അബുദാബി/ഷാർജ ∙ രണ്ട് മാസത്തോളമായി മകനെ അന്വേഷിച്ചു നടക്കുകയാണ് അബുദാബിയിൽ ജോലി ചെയ്യുന്ന ഇൗ മലയാളി. ഷാർജയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഇക്കഴിഞ്ഞ മാർച്ച് 10ന് അപ്രത്യക്ഷനായ മകൻ ജിത്തു സുരേഷിനെ (28) യുഎഇ മുഴുവൻ തിരഞ്ഞു നടക്കുന്നത് തൃശൂർ മാള കുഴൂർ സ്വദേശി സുരേഷ്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അധികൃതരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ജിത്തുവിന് വേണ്ടി നാടുമുഴുവൻ സഞ്ചരിക്കുകയാണ്. പക്ഷേ, ഇത്രയും കാലമായിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നതാണ് സങ്കടം.

കഴിഞ്ഞ 20 വർഷമായി അബുദാബിയിലെ പ്രമുഖ ഹോട്ടലിൽ ട്രാൻസ്പോർട് സൂപ്പർവൈസറായി ജോലി ചെയ്യുന്ന സുരേഷിന് ഭാര്യയും രണ്ടു മക്കളുമാണുള്ളത്. നേരത്തെ അബുദാബി ടാക്സിയിൽ ഡ്രൈവറായിരുന്നു. ഭൂരിഭാഗം പ്രവാസികളെയും പോലെ കുടുംബത്തിന് വേണ്ടിയായിരുന്നു ഇദ്ദേഹം ജീവിച്ചത്. മക്കൾ ഒരാണും പെണ്ണും. ഇരുവരെയും നല്ല നിലയിൽ പഠിപ്പിച്ചു. മൂത്ത മകൻ ജിത്തു ബിബിഎ എയർപോർട് മാനേജ്മെന്റ് ആണ് പഠിച്ചത്. മകൾ എറണാകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ഒാപ്റ്റോമെട്രിസ്റ്റും. ബിരുദം നേടിയ ശേഷം ജിത്തു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ജോലിക്കായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ബെംഗ്ലുരുവിൽ ഇൻഡിഗോ എയർലൈൻസിൽ ജോലിയിൽ പ്രവേശിച്ചു. പക്ഷേ, അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല. ഇതേത്തുടർന്നാണ് സുരേഷ് മകനെ കോവിഡ്19ന് ശേഷം യുഎഇയിലേയ്ക്ക് കൊണ്ടുവന്നത്. സുരേഷും കൂട്ടുകാരും ചേർന്ന് അബുദാബിയിൽ ആരംഭിച്ച ഒരു റസ്റ്ററന്റ് നോക്കി നടത്താനുള്ള ചുമതലയായിരുന്നു ആദ്യം ജിത്തുവിന്. ആറു മാസത്തോളം റസ്റ്ററന്റ് നടത്തിയെങ്കിലും നഷ്ട‌ം സംഭവിച്ചതിനെ തുടർന്ന് പൂട്ടി. ഇതോടെ കൂട്ടുകാർ ക്ഷണിച്ചതനുസരിച്ച് ജിത്തു അബുദാബിയിൽ നിന്ന് ഷാർജയിലെത്തി. ഒരു ഗ്യാസ് ഏജൻസിയിലടക്കം പല ജോലിയും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നിലും പച്ചപിടിച്ചില്ല. പിന്നീട് ഇത്തിസാലാത്തിന്റെ ജോലികള്‍ കരാറെടുത്ത് ചെയ്യുന്ന ഒരു കമ്പനിയിലായിരുന്നു. 

∙ കാണാതായി മൂന്നു ദിവസത്തിന് ശേഷം കോൾ
മകനെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു സുരേഷിന് ജിത്തുവിന്റെ കൂട്ടുകാരനിൽ നിന്നൊരു ഫോൺ കോൾ ലഭിക്കുന്നത്. ജിത്തുവിനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് അദ്ദേഹത്തിന്‍റെ കൂടെ ബുത്തീനയിൽ താമസിക്കുന്നവർ വിളിച്ചറിയിച്ചു എന്നായിരുന്നു കൈമാറിയ വിവരം. പതിവുപോലെ  താമസ സ്ഥലത്ത് നിന്ന് രാവിലെ ജോലിക്ക് പോയതിന് ശേഷമായിരുന്നു അപ്രത്യക്ഷനായത്. അന്ന് വൈകിട്ട് ഏഴ് വരെ ജിത്തുവിന്റെ മൊബൈൽ ഫോൺ ഒാണായിരുന്നു.  വിവരമറിഞ്ഞയുടൻ സുരേഷ് ഷാർജയിലേയ്ക്ക് പാഞ്ഞു. ബന്ധുക്കളോടും രണ്ടുപേരുടെയും കൂട്ടുകാരോടും അന്വേഷിച്ചെങ്കിലും ആർക്കും ഒരു വിവരവുമില്ലായിരുന്നു. തുടർന്ന് ഷാർജ അൽ ഗർബ പൊലീസിൽ പരാതി നൽകി. അതോടെ അവരും അന്വേഷണം ആരംഭിച്ചു.

∙ എന്റെ മോൻ ഹാപ്പിയായിരുന്നു; തിരിച്ചുവരും
ജോലി കഴിഞ്ഞുള്ള ഒാരോ ഇടവേളകളിലും സുരേഷിന്റെ ചിന്ത മകനെ കണ്ടുപിടിക്കുക എന്നത് തന്നെയാണ്. യുഎഇയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും തിരച്ചിൽ നടത്തി. നിരാശയായിരുന്നു ഫലം. എന്റെ മോന് യാതൊരു പ്രശ്നവുമില്ല. അവൻ ഹാപ്പിയായിരുന്നു–സുരേഷ് മനോരമ ഒാണ്‍ലൈനിനോട് പറഞ്ഞു. മറ്റു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നതിനേക്കാളും സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണം എന്നായിരുന്നു അവന്റെ ആഗ്രഹം. അതിന് പറ്റാത്തതിലുള്ള നിരാശയുണ്ടായിരിക്കാം. പക്ഷേ, കാണാതായതിന് പിന്നിൽ അതൊരു കാരണമാണെന്ന് കരുതുന്നില്ല. അജ്ഞാത കാരണത്താൽ അവനെവിടെയോ കൂട്ടുകാരുടെ കൂടെ കഴിയുന്നുണ്ട്. തിരിച്ചുവരും; ആ പ്രതീക്ഷയിലാണ് കഴിയുന്നത്. അടുത്തിടെ അബുദാബിയിൽ സുരേഷ് ജോലി ചെയ്യുന്ന ഹോട്ടലിലെത്തിയ ഉമ്മുൽഖുവൈനിലെ ഒരു പ്രമുഖ വ്യക്തിയോട് കാര്യം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ അന്വേഷണം ഉൗർജിതമായി നടക്കുന്നു. കൂടാതെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകി. 2021 മുതൽ ഇത്തരത്തിൽ നാൽപതിലേറെ ഇന്ത്യക്കാരെ യുഎഇയിൽ കാണാതായിട്ടുണ്ടെന്നായിരുന്നു മറുപടി. നാട്ടിൽ നിന്ന് ഭാര്യയും മകളും എപ്പോഴും ജിത്തുവിന്‍റെ കാര്യമന്വേഷിച്ച് വിളിച്ചുകൊണ്ടേയിരിക്കും. അവരെ സാന്ത്വനിപ്പിക്കുക എന്നതാണ് വിഷമകരം. 

പ്രിയപ്പെട്ട ജിത്തു മോനേ, എവിടെയായിരുന്നാലും തിരിച്ചുവരിക. നിന്റെ ഒരു ഫോൺ കോളിനായി എല്ലാവരും കാത്തിരിക്കുന്നു. അച്ഛൻ മാത്രമല്ല, അമ്മയും അനിയത്തിയുമെല്ലാം നിന്റെ വരവിനായി ഏറെ പ്രതീക്ഷയോടെ കണ്ണുംനട്ടിരിക്കുന്നു. എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് പരിഹരക്കാവുന്നതേയുള്ളുവല്ലോ. എത്രയും പെട്ടെന്ന് നിന്റെ ഒരു ഫോൺ കോൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇൗ അച്ഛൻ. 

ജിത്തുവിനെക്കുറിച്ച എന്തെങ്കിലും വിവരം ലഭിക്കുന്നവർ അദ്ദേഹത്തിന്റെ പിതാവിനെ +971 56 441 0658 എന്ന നമ്പരി‌ലോ പൊലീസിലോ വിവരം അറിയിക്കുക

English Summary:

Malayali Youth Missing from Sharjah: Father on Jithu's Missing Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com