എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം; വിജയത്തിലും കുറയാതെ ആശങ്ക
Mail This Article
അബുദാബി ∙ എസ്എസ്എസി, ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നതോടെ ഗൾഫ് സ്കൂളുകളിലെ വിജയശതമാനം കുറയുന്നതിൽ ആശങ്ക ഉയരുന്നു. ഹയർ സെക്കൻഡറിയിൽ 5 വർഷത്തിനിടെ 100% വിജയം നേടുന്ന സ്കൂളുകളുടെ എണ്ണത്തിലും കുറവ്.
ഹയർ സെക്കൻഡറി
2021ൽ 8 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 460 പേരിൽ 431 പേർ വിജയിച്ചു. വിജയം 93.69%. 29 പേർ തോറ്റു. 2 സ്കൂളുകൾക്ക് 100 % ജയം. 2022ൽ 8 കേന്ദ്രങ്ങളിൽ 4 സ്കൂളുകൾക്ക് 100 ശതമാനം ഉണ്ടായിരുന്നെങ്കിൽ 2023ൽ അത് 2 ആയി കുറഞ്ഞു.
2024ൽ സമ്പൂർണ വിജയം ഒരു സ്കൂളിനു മാത്രം. ഒരു വിദ്യാർഥിക്ക് പരീക്ഷ എഴുതാനും റജിസ്ട്രേഷൻ റദ്ദാക്കാനും സാധിക്കാത്തതിനാൽ അബുദാബി മോഡൽ പ്രൈവറ്റ് സ്കൂളിനും ഒരു വിദ്യാർഥി പരാജയപ്പെട്ടതോടെ ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലും 100% നേട്ടം നഷ്ടമായി. 2022ൽ യുഎഇ സ്കൂളുകളുടെ വിജയ ശതമാനം 95.73% ആയിരുന്നു. 105 കുട്ടികൾക്ക് അന്ന് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 2023ൽ വിജയം 92.4% ആയും എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയവരുടെ എണ്ണം 53 ആയും കുറഞ്ഞു. ഈ വർഷം വിജയശതമാനം വീണ്ടും കുറഞ്ഞ് 88.2% ആയി. തോറ്റത് 69 പേർ. ഇതേസമയം എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം മാത്രമാണ് ആശ്വാസത്തിന് വകയുള്ളത്.
എസ്എസ്എൽസി
നേരത്തെ ഒൻപതിൽ 8 സ്കൂളുകൾ 100% വിജയം നേടിയ കാലമുണ്ടായിരുന്നു ഗൾഫിലെ സ്കൂളുകൾക്ക്. റാങ്ക് ഉണ്ടായിരുന്ന സമയങ്ങളിൽ രണ്ടാം റാങ്കു വരെ യുഎഇയിലെ സ്കൂൾ വിദ്യാർഥികൾ നേടിയിരുന്നു. പിന്നീട് ഓരോ വർഷവും വിജയശതമാനം പിറകോട്ടുപോയി. നാട്ടിൽ സർക്കാർ സ്കൂളുകൾ പോലും 99 ശതമാനത്തിൽ കൂടുതൽ വിജയം നേടിയപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗൾഫിലെ സ്കൂളുകളുടെ മോശം നിലവാരത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
2019ൽ 9 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 495 വിദ്യാർഥികളിൽ 491 പേരും വിജയിച്ചു. 4 പേർ തോറ്റു. വിജയം 99.19%. 7 സ്കൂളുകൾക്ക് 100% വിജയം.
2020ൽ 597 വിദ്യാർഥികളിൽ 587 പേർ വിജയിച്ചു. 10 പേർ തോറ്റു. വിജയം 98.32%.
2021ൽ 573 പേരിൽ 556 പേർ വിജയിച്ചു. 17 പേർ തോറ്റു. വിജയം 97.03%. 3 സ്കൂളുകൾക്കു 100% വിജയം.
2022ൽ 571 പേരിൽ 561 പേർ വിജയിച്ചു. 10 പേർ തോറ്റു. വിജയം 98.24%. 4 സ്കൂളുകൾക്കു 100%.
2023ൽ 8 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 518 പേരിൽ 504 പേർ വിജയിച്ചു. 14 പേർ തോറ്റു. വിജയം 97.3%. 4 സ്കൂളുകൾക്ക് 100%.
2024ൽ 7 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 533 പേരിൽ 516 പേർ വിജയിച്ചു. 17 പേർ തോറ്റു. വിജയം 96.81%. 3 സ്കൂളുകൾക്ക് 100% നേട്ടം.