കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടു;ഭരണഘടനയുടെ ഏതാനും വകുപ്പുകളും റദ്ദാക്കി
Mail This Article
കുവൈത്ത് സിറ്റി ∙ ഒരു മാസം പിന്നിട്ട കുവൈത്ത് പാർലമെന്റിനെ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പിരിച്ചുവിട്ടു. പാർലമെന്റിന്റെ അധികാരം പൂർണമായും അമീറും മന്ത്രിസഭയും ഏറ്റെടുത്തു. ജനാധിപത്യ പ്രക്രിയകളുടെ എല്ലാ വശങ്ങളും പരിശോധിച്ചു കഴിയും വരെ കുവൈത്ത് ഭരണഘടനയുടെ ഏതാനും വകുപ്പുകളും റദ്ദാക്കി. കുവൈത്ത് കിരീടാവകാശിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എതിർ സ്വരമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് അമീർ ഷെയ്ഖ് മിഷാൽ സൂചിപ്പിച്ചു. രാജ്യത്തിന്റെ സമ്പത്തും താൽപര്യവും സംരക്ഷിക്കാൻ മറ്റുമാർഗം ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സംവിധാനം വിജയകരമാകാൻ ഉത്തരവാദിത്തങ്ങളുടെ വിഭജനവും കൃത്യമായ സംഘടനാ സംവിധാനവും അത്യാവശ്യമാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുമര്യാദകളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. ഭരണഘടനയുടെ സുസ്ഥിരതയ്ക്ക് വെല്ലുവിളിയാകുന്ന ചില നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഒരു മന്ത്രിയെ ഭീഷണിപ്പെടുത്തുന്നതിലേക്ക് കാര്യങ്ങളെത്തി. ചില മന്ത്രിമാരുടെ നിയമനത്തിലും എംപിമാർ എതിർപ്പു പ്രകടിപ്പിച്ചു.
മന്ത്രിമാരുടെ നിയമനം ഭരണത്തലവന്റെ വിവേചനാധികാരമാണെന്ന് ബോധ്യമുണ്ടായിട്ടും പ്രതിഷേധം ഉയർന്നതു രാജ്യ താൽപര്യത്തിനു ചേർന്നതല്ലെന്നും കുവൈത്ത് അമീർ പറഞ്ഞു. കിരീടാവകാശിയെ തിരഞ്ഞെടുക്കുന്നതിന് കുവൈത്ത് അമീറിനുള്ള അധികാരത്തിൽ വരെ കൈകടത്താൻ ചില എംപിമാർ ശ്രമിച്ചു. രാജ്യതാൽപര്യങ്ങൾ ബലി കഴിക്കുന്ന തരത്തിൽ ജനാധിപത്യത്തെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല. പാർലമെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങി ചില സർക്കാരുകൾ നിയമ ലംഘനത്തിനു മുതിർന്നതിനെ അമീർ നിശിതമായി വിമർശിച്ചു. ഏതു സാഹചര്യത്തിലും ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.