സൗദിയിൽ തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് കുറച്ചു
Mail This Article
റിയാദ്∙ സൗദി അറേബ്യയിലെ തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് തുടങ്ങി . സിനിമാ ലൈസൻസിങ് ഫീസ് കുറച്ചതിന് പിന്നാലെയാണ് ഈ നടപടി. എംപയർ ഉൾപ്പെടെയുള്ള തിയറ്റർ ബ്രാൻഡുകൾ 20 റിയാൽ നിരക്ക് മുതലുള്ള ടിക്കറ്റുകൾ ലഭ്യമാക്കും. സീറ്റുകൾ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ടിക്കറ്റ് വിൽപ്പന നടത്തുക.
ഏപ്രിൽ മാസത്തിൽ സൗദിയിലെ സിനിമാ പ്രദർശന, തിയറ്റർ മേഖലയിലെ വിവിധ ഫീസുകൾ കുറച്ചിരുന്നു. ഈ മാറ്റത്തിന് പിന്നാലെയാണ് ഇപ്പോൾ ടിക്കറ്റ് നിരക്കിലെ കുറവ് വന്നത്. നേരത്തെ 60 റിയാലിൽ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോഴും ഈ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. എന്നാൽ പല തിയറ്ററുകളും സീറ്റുകൾ തരം തിരിച്ചാണ് നിരക്ക് ഈടാക്കുന്നത്. എംപയർ പോലുള്ള തിയറ്ററുകൾ മുൻനിരയിലെ സീറ്റുകൾക്ക് 20 റിയാൽ മുതൽ ടിക്കറ്റ് നൽകുന്നു. പിൻനിരയിലേക്കുള്ള സീറ്റുകൾ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, 55 റിയാലിൽ വരെ ഈടാക്കുന്നു. വാരാന്ത്യങ്ങളിലും പ്രവർത്തി ദിനങ്ങളിലും വ്യത്യസ്ത നിരക്ക് ഈടാക്കുന്ന തിയറ്ററുകളും ഉണ്ട്.
മറ്റ് തിയറ്റർ ബ്രാൻഡുകളും ഉടൻ തന്നെ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമാ തിയറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ്, പ്രത്യേക ആവശ്യങ്ങൾക്കുള്ള തിയറ്റർ ലൈസൻസ് എന്നിവയ്ക്ക് ഈടാക്കിയിരുന്ന ഫീസ് ലക്ഷം റിയാലിൽ വരെയായിരുന്നു. ഈ ഫീസ് 60 മുതൽ 80 ശതമാനം വരെ കുറച്ചതിനെത്തുടർന്നാണ് ടിക്കറ്റ് നിരക്ക് കുറഞ്ഞത്.