കളഞ്ഞുകിട്ടിയ വാച്ച് പൊലീസിന് കൈമാറി; ഇന്ത്യൻ ബാലന്റെ സത്യസന്ധതയ്ക്ക് ദുബായ് പൊലീസിന്റെ ആദരം
Mail This Article
ദുബായ് ∙ വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട വാച്ച് കണ്ടെത്തി കൈമാറിയ ഇന്ത്യൻ ബാലൻ മുഹമ്മദ് അയാൻ യൂനിസിനെ ദുബായ് പൊലീസ് ആദരിച്ചു. ഭിന്നശേഷിക്കാരനായ കുട്ടിയുടെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ് സർട്ടിഫിക്കറ്റും സമ്മാനങ്ങളും കൈമാറി.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസിയുടെ നിർദേശപ്രകാരം ദുബായ് ടൂറിസം പൊലീസാണ് ആദരിച്ചത്. വിനോദസഞ്ചാര കേന്ദ്രത്തിൽ പിതാവിനൊപ്പം എത്തിയ മുഹമ്മദ് അയാൻ യൂനിസിനാണ് വാച്ച് ലഭിച്ചത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയും സ്റ്റേഷനിൽ എത്തി വാച്ച് കൈമാറുകയുമായിരുന്നു. യഥാർഥ ഉടമസ്ഥനെ കണ്ടെത്തി വാച്ച് നൽകണം എന്നതായിരുന്നു മുഹമ്മദ് അയാന്റെ ആവശ്യം. വാച്ച് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിന് നേരത്തെ പരാതി ലഭിച്ചിരുന്നു.
തുടർന്ന് വിനോദസഞ്ചാരിയെ വിളിപ്പിച്ച്, വാച്ച് കൈമാറി. കുട്ടിയുടെ സത്യസന്ധത മാതൃകയാക്കണമെന്നും കളഞ്ഞുകിട്ടിയ ഉൽപന്നങ്ങൾ സ്മാർട്ട് പൊലീസ് സ്റ്റേഷനുകളിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗത്തിൽ ഏൽപിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.