ഫിഫ അറബ് കപ്പിന് ഖത്തര്‍ വീണ്ടും വേദിയാകും
Mail This Article
ദോഹ ∙ കാല്‍പന്തുകളിയുടെ കളിയാവേശവുമായി ഫിഫ അറബ് കപ്പിന് ഖത്തര്‍ വീണ്ടും ആതിഥേയരാകും. 2025, 2029, 2033 വര്‍ഷങ്ങളിലാണ് ഖത്തര്‍ വേദിയൊരുക്കുന്നത്.
തായ്‌ലൻഡിലെ ബാങ്കോക്കില്‍ നടന്ന 74-ാമത് ഫിഫ കോണ്‍ഗ്രസിലാണ് 3 വര്‍ഷങ്ങളില്‍ ഫിഫ അറബ് കപ്പിന് ഖത്തര്‍ വേദിയാകുമെന്ന് ഫിഫ കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് 3 എഡിഷനുകളില്‍ ഫിഫ അറബ് കപ്പ് ഖത്തറില്‍ നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
2025 മുതല്‍ 2029 വരെയുള്ള 5 ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്റുകള്‍ക്കും ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്നും കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എഎഫ്‌സി, കാഫ്, കോണ്‍കകാഫ്, കോന്‍മബോള്‍, ഒഎഫ്‌സി, യുഎഫ്എ എന്നിവയാണ് 5 ടൂര്‍ണമെന്റുകള്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2021 ലാണ് ഫിഫ അറബ് കപ്പിന് വീണ്ടും തുടക്കമായത്. 1963 മുതല്‍ യൂണിയന്‍ ഓഫ് അറബ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആയിരുന്നു അറബ് കപ്പിന് ചുക്കാന്‍ പിടിച്ചത്. 2021 മുതല്‍ ഫിഫയുടെ മേല്‍നോട്ടത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. 2021 ലും ഖത്തര്‍ ആണ് ആതിഥേയത്വം വഹിച്ചത്.